Top News
ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ കൊച്ചി സന്ദർശനം

ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിൽ; വൻ പോലീസ് സുരക്ഷയും ട്രാഫിക് നിയന്ത്രണവും

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെത്തും. വൈകീട്ട് നാലിന് കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിന്റെ രജതജൂബിലി ആഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇൻഡസ്ട്രി അക്കാദമിയ സമ്മിറ്റിന്റെ ഉദ്ഘാടനവും ചടങ്ങിൽ ഉപരാഷ്ട്രപതി നിർവഹിക്കും.

ഇന്നലെ കേരളത്തിലെത്തിയ ഉപരാഷ്ട്രപതി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്തു നിന്ന് അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലേക്ക് തിരിക്കും.

അലങ്കാര മത്സ്യ വികസനം ലക്ഷ്യമിട്ടുള്ള ‘മിഷൻ രംഗീൻ മഛ്ലി 2031’ പദ്ധതി അവിടെ ഉദ്ഘാടനം ചെയ്യും.

തുടർന്ന് അഗത്തിയിൽ സംഘടിപ്പിക്കുന്ന ജനസമ്പൂർക്ക പരിപാടിയിലും അദ്ദേഹം പങ്കാളിയാകും. ഉച്ചയ്ക്ക് ഒന്നിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം റോഡ് മാർഗം കാക്കനാട്ടേക്ക് തിരിക്കും.

രാജഗിരി കോളജിലെ പരിപാടികൾക്ക് ശേഷം രാത്രി തന്നെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ വൻ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.

വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള പ്രധാന റോഡുകളിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണമുണ്ടാകും. സുഗമമായ ഗതാഗതത്തിനായി അധിക പോലീസ് സേനയെ നിരത്തുകളിൽ വിന്യസിച്ചിട്ടുണ്ട്.

സുരക്ഷ മുൻനിർത്തി എറണാകുളം ജില്ലയിലുടനീളം ഡ്രോൺ പറത്തുന്നതിന് പോലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സിറ്റി, റൂറൽ പോലീസ് ജില്ലകളിലായി ആയിരത്തിലേറെ ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചു.

പൊതുജനങ്ങൾ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

രാജഗിരി കോളജിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം ജോൺ എന്നിവരും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കോളേജ് അധികൃതർ അറിയിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു