കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സിപിഐഎം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ മൂന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവിതാവസാനം വരെ ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി.
ടി.പി. ബിജു, വിപിൻ എം, വൈശാഖ് എം എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾ മൂന്ന് പേരും അഞ്ച് ലക്ഷം രൂപ വീതം പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
പിഴത്തുകയായ 15 ലക്ഷം രൂപ ധനരാജിന്റെ കുടുംബത്തിന് നൽകണം.
2016 ജൂലൈ 11നാണ് പയ്യന്നൂർ രാമന്തളി കുന്നരുവിൽ സി.വി. ധനരാജ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വീടിന് സമീപം വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ധനരാജിന്റെ അമ്മയുടെയും ഭാര്യയുടെയും കൺമുന്നിലായിരുന്നു ആക്രമണം.
20 പേർ പ്രതികളായ കേസിൽ 16 പേരെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. പന്ത്രണ്ടാം പ്രതിയായ സി. ബിജു 2017ൽ കൊല്ലപ്പെട്ടിരുന്നു.
കൊലപാതകത്തിന് പുറമെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും കുടുംബാംഗങ്ങളെ ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഉൾപ്പെടെ വിവിധ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്.
മറ്റ് കുറ്റങ്ങൾക്കുള്ള തടവുശിക്ഷ അനുഭവിച്ച ശേഷമായിരിക്കും ജീവപര്യന്തം തടവ് ആരംഭിക്കുക. പിഴ അടച്ചില്ലെങ്കിൽ അഞ്ച് വർഷം അധിക തടവും അനുഭവിക്കണം.
കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് നിരീക്ഷിച്ച കോടതി, രാഷ്ട്രീയവൈരങ്ങൾ സംവാദങ്ങളിലൂടെ പരിഹരിക്കേണ്ടതാണെന്നും മാരകായുധങ്ങൾ ഉപയോഗിച്ചല്ലെന്നും വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.


