അമേരിക്കയുടെ തീരുവ ഭീഷണിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ആശ്വാസം നൽകുന്ന നിർണായക നീക്കവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ അധിക തീരുവ ഏർപ്പെടുത്താൻ ലക്ഷ്യമിട്ട നടപടികളിൽ ഇളവ് അനുവദിച്ചതായാണ് റിപ്പോർട്ട്.
അമേരിക്കയുടെ ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഉപരോധങ്ങളും തീരുവകളും ഒഴിവാക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക സർട്ടിഫിക്കറ്റ് കോൺഗ്രസിന് സമർപ്പിച്ചതായും ട്രംപ് അറിയിച്ചു.
യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ വരുമാനം കുറയ്ക്കുകയും രാജ്യത്തിനുമേലുള്ള സാമ്പത്തിക സമ്മർദം ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുതിയ നിയമനടപടികൾ.
റഷ്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് 100 ശതമാനം വരെ അധിക തീരുവ ചുമത്താനുള്ള നീക്കവും ഇതിന്റെ ഭാഗമായിരുന്നു.
എന്നാൽ, അധിക തീരുവകൾ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചിരുന്നു.
രാജ്യത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കാൻ സുരക്ഷിതവും താങ്ങാനാവുന്നതുമായ വിലയിൽ ഇന്ധനം ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ചൈനയും നിർദിഷ്ട നടപടികളെ എതിർത്തിരുന്നു.
ഇന്ധനവിലയും തിരഞ്ഞെടുപ്പും നിർണായകം
അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള ഊർജവിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ഈ നീക്കം.
ഇന്ധനവില ഉയരുന്നത് അമേരിക്കൻ ഉപഭോക്താക്കളെ ബാധിക്കുമെന്ന ആശങ്കയും നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പും ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിൽ നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ.
റഷ്യൻ ഇന്ധന കയറ്റുമതിക്ക് ഇളവുകൾ നൽകുന്നത് മോസ്കോയ്ക്ക് യുക്രൈൻ യുദ്ധം തുടരാൻ സാമ്പത്തിക സഹായമാകുമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിലെ ചില രാഷ്ട്രീയ നേതാക്കൾ വിമർശനവും ഉന്നയിച്ചിട്ടുണ്ട്.
ഇന്ത്യാ സന്ദർശനവുമായി മാർക്കോ റൂബിയോ
ഇതിനിടെ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യാ സന്ദർശനവും ശ്രദ്ധേയമാകുന്നു. മുംബൈയിലും ജാംനഗറിലും നടക്കുന്ന കൂടിക്കാഴ്ചകളിൽ ഊർജമേഖലയിലെ സഹകരണവും റിലയൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനറി പദ്ധതികളും ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.
റഷ്യയുടെ എണ്ണ-വാതക ഇടപാടുകളും ഉപരോധങ്ങൾ മറികടക്കാനുള്ള നീക്കങ്ങളും നിരീക്ഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുതിയ ഇളവുകൾ നിലവിലുണ്ടാകുമെങ്കിലും റഷ്യയ്ക്കെതിരായ മറ്റ് ഉപരോധങ്ങൾ തുടരുമെന്നാണ് സൂചന.


