സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. നവംബർ 24 മുതൽ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. നവംബർ 25ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മുന്നറിയിപ്പുണ്ട്. നവംബർ 26ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 27ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മുന്നറിയിപ്പുണ്ടെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.
24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. കിഴക്കൻ കാറ്റിന്റെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം.
ഇടിമിന്നലിൽ ജാഗ്രത വേണം
ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് അപകടമുണ്ടാക്കുന്നതിനൊപ്പം വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വീട്ടുപകരണങ്ങൾക്കും നാശനഷ്ടമുണ്ടാക്കാം. അതിനാൽ കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകൾക്കും വാതിലുകൾക്കും സമീപം നിൽക്കരുത്. കെട്ടിടത്തിനുള്ളിൽ തന്നെ തുടരുകയും ഭിത്തിയിലും തറയിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുകയും വേണം.
മഴ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.


