Top News
Jamsheer flight incident Nedumbassery airport security

വിമാനത്തിൽ അതിക്രമം: ജംഷീർ മജിസ്‌ട്രേറ്റിന് മുൻപിലും അക്രമാസക്തനായി; കേസ് എൻ.ഐ.എ. അന്വേഷിക്കും

കുവലാലംപുരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബാത്തിക് എയർ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പാലക്കാട് കൂറ്റനാട് സ്വദേശി ജംഷീറാണ് വിമാനത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ആകാശത്ത് പറക്കുന്നതിനിടെ ഇയാൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ജനൽപാനൽ ഇടിച്ച് തകർത്ത ഇയാൾ സഹയാത്രികരെയും ജീവനക്കാരെയും നിരന്തരം ഭീഷണിപ്പെടുത്തി. വിമാനജീവനക്കാരും യാത്രക്കാരും ചേർന്ന് സാഹസികമായാണ് ഇയാളെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറിയത്.

തുടർന്ന് നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വ്യാഴാഴ്ച രാത്രി അങ്കമാലി മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി. വക്കാലത്തിൽ ഒപ്പിടീക്കാൻ ശ്രമിച്ച വക്കീലിന്റെ ഫയൽ ഇയാൾ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു.

പോലീസ് ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടയിൽ കോടതിയിലെ കസേരയും ഇയാൾ തകർത്തെറിഞ്ഞു. ഈ സംഭവങ്ങളിൽ പ്രത്യേകമായി വേറെ കേസുകളൊന്നും നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ല.

ആലുവ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്ത ജംഷീറിനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് കോടതിയിൽ നിന്നും കൊണ്ടുപോയത്. മരിക്കാൻ തോന്നിയെന്നും മറ്റുള്ളവരെയും ഒപ്പം കൂട്ടാൻ തോന്നിയെന്നുമാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ ഇയാൾ മദ്യപിച്ചിരുന്നതായോ മറ്റ് മാനസിക പ്രശ്‌നങ്ങളുള്ളതായോ പരിശോധനകളിൽ ഇതുവരെ തെളിഞ്ഞിട്ടില്ല.

ഈ ദുരൂഹ സാഹചര്യം കണക്കിലെടുത്താണ് കേസ് എൻ.ഐ.എ. ഏറ്റെടുത്ത് അന്വേഷിക്കുന്നത്. മലേഷ്യയിൽ 10 വർഷത്തിലേറെയായി ജോലി ചെയ്തുവരുന്ന വ്യക്തിയാണ് ജംഷീർ.

ബന്ധുവിന്റെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഇയാൾ ഒന്നര വർഷം മുൻപാണ് നാട്ടിൽ വന്നു മടങ്ങിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസികൾ പ്രതിയുടെ പശ്ചാത്തലം വിശദമായി പരിശോധിച്ചു വരികയാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു