തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 37കാരൻ മരിച്ചതിന് പിന്നാലെ ചികിത്സാപ്പിഴവും ആശുപത്രി അധികൃതരുടെ അവഗണനയും ആരോപിച്ച് കുടുംബം രംഗത്ത്.
ആറ്റിങ്ങൽ ആലങ്കോട് സ്വദേശി ബിസ്മില്ലാഖാനാണ് മരിച്ചത്.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സഹോദരി നജ്മ ബീഗം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബിസ്മില്ലാഖാന് അടിയന്തര തൊറാസിക് സർജറി നിർദേശിച്ചിരുന്നതായാണ് കുടുംബത്തിന്റെ പരാതി.
എന്നാൽ ശസ്ത്രക്രിയ നടത്തുന്നതിൽ ഡോക്ടർ പിന്തിരിപ്പിക്കുന്ന നിലപാട് സ്വീകരിച്ചെന്നും അമിത ചെലവ് ആവശ്യപ്പെട്ടെന്നും സഹോദരി ആരോപിക്കുന്നു.
ജീവൻ തിരിച്ചുകിട്ടാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് ഡോക്ടർ പറഞ്ഞതായും ശസ്ത്രക്രിയയ്ക്കായി 7.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
എന്നാൽ മെഡിക്കൽ കോളേജ് സൂപ്രണ്ടുമായി സംസാരിച്ചപ്പോൾ 2.5 ലക്ഷം രൂപ മതിയാകുമെന്ന് വ്യക്തമായതായും കുടുംബം ചൂണ്ടിക്കാട്ടുന്നു.
ഡോക്ടറുടെ പെരുമാറ്റവും മാനസിക പീഡനവും രോഗിയെ കടുത്ത മനോവിഷമത്തിലാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
ശസ്ത്രക്രിയ വൈകിയതിന്റെ കാരണങ്ങൾ പരിശോധിക്കണമെന്നും മുഴുവൻ ചികിത്സാ രേഖകളും പരിശോധിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.


