Top News
mystery deepens as police launch probe

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; പുലർച്ചെ ഉപേക്ഷിച്ചതെന്ന് സംശയം

കോഴിക്കോട് ബീച്ചിൽ നവജാത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ബുധനാഴ്ച (നവംബർ 18) രാവിലെ ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപം മണലിൽ പുതഞ്ഞ നിലയിലാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

രാവിലെ ആറുമണിയോടെ പ്രഭാതസവാരിക്കെത്തിയവരാണ് ആദ്യം മൃതദേഹം കണ്ടത്. ആദ്യം മണലിൽ കിടന്നിരുന്നത് കളിപ്പാട്ടമോ പ്രതിമയോ ആണെന്നാണ് ഇവർ കരുതിയത്.

എന്നാൽ അടുത്തുചെന്ന് പരിശോധിച്ചപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബീച്ചിലെ സുരക്ഷാ ജീവനക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ വെള്ളയിൽ പോലീസ് പരിശോധന നടത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

പെൺകുഞ്ഞിന്റെ മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ബീച്ചിലെ സമീപപ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിട്ടുണ്ട്.

എങ്കിലും ബീച്ചിലേക്കുള്ള പ്രധാന പ്രവേശനകവാടങ്ങളിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രഭാതസവാരിക്കാരുടെയും പ്രദേശവാസികളുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ പുലർച്ചെ 3.30 വരെ ബീച്ച് പരിസരത്ത് പോലീസ് പട്രോളിങ് നടത്തിയിരുന്നുവെന്നും ആ സമയം വരെ മൃതദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസ് വ്യക്തമാക്കിയത്, ഇതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ 3.30-ന് ശേഷമായിരിക്കാം കുഞ്ഞിന്റെ മൃതദേഹം ഇവിടെ എത്തിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

കുഞ്ഞിനെ ആരാണ് ഇവിടെ എത്തിച്ചതെന്നും എവിടെവെച്ചാണ് പ്രസവം നടന്നതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു