കൊച്ചിയിലെ റോഡുകളിൽ സ്ഥാപിച്ചിരുന്ന ട്രാഫിക് ക്യാമറകൾ വീണ്ടും പ്രവർത്തനക്ഷമമായി. സാങ്കേതിക തകരാറുകളും കുടിശിക പ്രശ്നങ്ങളും കാരണം നിർത്തിവെച്ചിരുന്ന നിരീക്ഷണം പൂർണ്ണമായി പുനരാരംഭിച്ചു. ഗതാഗത നിയമലംഘന ദൃശ്യങ്ങൾ ആർടിഒ കൺട്രോൾ റൂമിലേക്ക് വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്.
ജൂൺ 29 മുതൽ ക്യാമറകൾ വഴി ലഭിക്കേണ്ട ദൃശ്യങ്ങൾ മുടങ്ങിയിരുന്നു. ക്യാമറകളുടെ ചുമതലയുള്ള കെൽട്രോൺ, ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോയ്ക്ക് നൽകേണ്ട കുടിശിക അടയ്ക്കാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.
സർക്കാർ ഫണ്ട് ലഭിക്കാൻ വൈകിയതോടെ കെൽട്രോൺ സ്വന്തം നിലയിൽ തുക കണ്ടെത്തി കുടിശിക ഒടുക്കുകയായിരുന്നു.
ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 63 ക്യാമറകളിൽ 52 എണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബാക്കി 11 ക്യാമറകൾ പലപ്പോഴായി തകരാറിലായതാണ്.
ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട രണ്ടാഴ്ചത്തെ ഇടവേളയിൽ ക്യാമറകൾ ദൃശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ ഇപ്പോൾ കൺട്രോൾ റൂമിൽ ലഭ്യമായി തുടങ്ങി.
കണക്കുകൾ പ്രകാരം രണ്ടാഴ്ചകൊണ്ട് ഇരുപതിനായിരത്തോളം നിയമലംഘന ദൃശ്യങ്ങളാണ് ശേഖരിക്കപ്പെട്ടത്. ഇവ പരിശോധിച്ചാൽ വൻ പിഴത്തുക സർക്കാരിലേക്ക് ലഭിക്കും.
മാസം ശരാശരി 35,000 മുതൽ 40,000 വരെ നിയമലംഘനങ്ങളാണ് ക്യാമറകൾ കണ്ടെത്തുന്നത്.
ഇതുവരെ ക്യാമറകൾ വഴി 80.50 കോടി രൂപയുടെ പിഴയാണ് ചുമത്തിയത്. ഇതിൽ 30 കോടി രൂപ ഇതിനകം സർക്കാരിലേക്ക് ലഭിച്ചിട്ടുണ്ട്. നിയമം പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് വീണ്ടും ഓർമ്മിപ്പിക്കുന്നു. വരും ദിവസങ്ങളിൽ വാഹന ഉടമകൾക്ക് പിഴ നോട്ടീസുകൾ ലഭിക്കുമെന്നത് ഉറപ്പാണ്.
ക്യാമറകൾ സജീവമായതോടെ അമിതവേഗതയും ട്രാഫിക് നിയമ ലംഘനങ്ങളും കർശനമായി പരിശോധിക്കും. കെൽട്രോണിന്റെ പത്ത് ജീവനക്കാർ കൺട്രോൾ റൂമിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ടിട്ടുണ്ട്.


