തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെയുണ്ടായ കല്ലേറ് ആക്രമണം അങ്ങേയറ്റം അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ അക്രമത്തിലൂടെ പ്രകടിപ്പിക്കുന്ന പ്രവണത ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളും പ്രവർത്തകരും സംരക്ഷിക്കപ്പെടേണ്ടതാണ്.
തിരുവനന്തപുരം ഡിസിസി ഓഫീസിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത സംഭവത്തിൽ കുറ്റക്കാർ ആരായാലും അവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ തീ വെച്ചതായി റിപ്പോർട്ട് ചെയ്ത സംഭവവും ഗൗരവമായി അന്വേഷിക്കണം.
തുടർച്ചയായി ഇത്തരം അക്രമങ്ങൾ ഉണ്ടാകുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സംയമനം പാലിക്കുകയും സമാധാനപരമായ ജനാധിപത്യ മാർഗങ്ങളിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തുകയും വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങളും പാർട്ടി ഓഫീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ആവർത്തിക്കാതിരിക്കാൻ പൊലീസ് ശക്തമായ ജാഗ്രത പുലർത്തണം.
കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നിയമനടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു.


