തൃക്കാക്കര ഭാരതമാത കോളജിൽ സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർഥി അറസ്റ്റിലായി. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ രണ്ടാം വർഷ ബിബിഎ വിദ്യാർഥി ശ്രീഹരിയെയാണ് പൊലീസ് പിടി കൂടിയത്.
സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അശ്ലീലരീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കേസ്. കോളജ് ചടങ്ങുകളിലെ പ്രധാന ഫൊട്ടോഗ്രഫറായിരുന്നു പിടിയിലായ ശ്രീഹരി.
സൗഹൃദം മുതലാക്കിയാണ് ഇയാൾ സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കിയത്. ഈ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയതായി പൊലീസ് സംശയിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ നിന്നും ഇയാൾ മറ്റ് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ചിരുന്നു. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ചിത്രങ്ങൾ പ്രധാനമായും വിൽപന നടത്തിയത്.
പ്രതിയുടെ ബാങ്ക് ഇടപാടുകൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പിടിയിലായ ശ്രീഹരിയെ കോടതി റിമാൻഡ് ചെയ്തു.
തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സൈബർ വിദഗ്ധരും ഈ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
മൊബൈൽ ഫോണും ലാപ്ടോപും കൂടുതൽ പരിശോധനകൾക്കായി ഡിജിറ്റൽ ക്രം വിഭാഗത്തിന് കൈമാറും. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.
ചിത്രങ്ങൾ മോർഫ് ചെയ്തു നൽകാൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിച്ചതായി പൊലീസ് കണ്ടെത്തി. ആശങ്കയിലായ രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചു കൊണ്ടിരിക്കുകയാണ്.


