നാടിനെയും കാടിനെയും ഒരുപോലെ വിറപ്പിച്ച അരിക്കൊമ്പന്റെ ജീവിതകഥ സിനിമയാകുന്നു. ‘അരിക്കൊമ്പൻ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
ടീസർ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ് ചിത്രം. യഥാർഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാടിനെയും കാട്ടാനകളെയും ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരുടെ ജീവിതവും പോരാട്ടവുമാണ് സിനിമയുടെ പ്രമേയം.
മലയാളത്തിലെ ഹിറ്റ് ചിത്രം ‘ട്രാഫിക്കി’ന്റെ തമിഴ് റീമേക്കിലൂടെ ശ്രദ്ധേയനായ മിഥുൻ മഹേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. നിരവധി തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ താരമാണ് മിഥുൻ.
‘സുമേഷ് & രമേഷ്’ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക കൃഷ്ണനാണ് ചിത്രത്തിലെ നായിക. ഈ സിനിമയിലൂടെ ദേവിക തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്.
‘ട്രാഫിക്’ ഹിന്ദി റീമേക്ക്, ‘മിലി’, ‘വേട്ട’, ‘ജമുനാപ്യാരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീഷ്ലാൽ ആർ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
തമിഴിൽ അദ്ദേഹം ആദ്യമായി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത്.
തമിഴ്നാട്ടിലെ പച്ചൈമല, കൊല്ലിമല തുടങ്ങിയ മനോഹരമായ മലയോര പ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
കാടിന്റെ സ്വാഭാവിക ഭംഗിയും അവിടുത്തെ മനുഷ്യരുടെ ജീവിതവും സിനിമയിൽ പ്രധാനമായി അവതരിപ്പിക്കുന്നുണ്ട്.
കാട്ടാനയും മനുഷ്യരും തമ്മിലുള്ള സംഘർഷവും അതിനിടയിലെ ജീവിതപോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ആക്ഷനും വൈകാരിക രംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 11ന് കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.


