വടകരയിൽ എം.ഡി.എം.എ. ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപികമാർ ലഹരി മാഫിയയുടെ കണ്ണികളായത് ഇൻസ്റ്റഗ്രാം വഴി. തുടക്കത്തിൽ സ്വന്തം ആവശ്യത്തിനായി ലഹരി ഉപയോഗിച്ച ഇവർ, പിന്നീട് മാഫിയയുമായി ചേർന്ന് വിൽപ്പനക്കാരായി മാറുകയായിരുന്നു.
കേസിന്റെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) രൂപം നൽകിയിട്ടുണ്ട്.
പ്രതികളായ കാവ്യയും കീർത്തനയും മംഗളൂരുവിലുള്ള സുഹൃത്ത് വഴിയാണ് ആദ്യം എം.ഡി.എം.എ. ഉപയോഗിക്കുന്നത്. പിന്നീട് ഇൻസ്റ്റഗ്രാം വഴി ലഹരി ഇടപാടുകാരുമായി നേരിട്ട് ബന്ധം സ്ഥാപിച്ചു.
തങ്ങൾ അധ്യാപികമാരായതിനാൽ ഈ വിവരം മാഫിയ പരമാവധി മുതലെടുക്കുകയായിരുന്നു. പ്രതികൾ പിടിക്കപ്പെടാതിരിക്കാൻ ആവശ്യക്കാർക്ക് ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ നൽകിയാണ് പണം വാങ്ങിയിരുന്നത്.
വലിയ പ്രതിഫലമാണ് ഇവർക്ക് മാഫിയ നൽകിയിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കാവ്യ അടുത്തിടെ പുതിയ കാർ വാങ്ങിയെന്ന വിവരവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബന്ധുക്കളുടെ ഇടപാടുകളും SIT വിശദമായി പരിശോധിച്ചു വരികയാണ്.
റൂറൽ പോലീസ് പരിധിയിൽ അടുത്തിടെ പിടികൂടിയ മറ്റ് ലഹരി കേസുകളിലെ പ്രതികൾക്കും ഇവർക്കും ഇടയിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഈ കേസിൽ പ്രതികളായ പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എജുക്കേറ്റർ കെ. കാവ്യയെയും, സമാന കേസിൽ അറസ്റ്റിലായ കീർത്തനയെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.
സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ നിർദേശപ്രകാരമാണ് നടപടി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ്., യു.ഡി.എസ്.എഫ്. പ്രവർത്തകർ പേരാമ്പ്ര ബി.ആർ.സി. ഓഫീസ് ഉപരോധിക്കുകയും ചെയ്തു.


