ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സ്പോൺസർഷിപ്പ് ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് ഗവർണർ അനുമതി നൽകി.
അഴിമതി നിരോധന നിയമപ്രകാരം മുൻ മന്ത്രിയെ പ്രതി ചേർത്ത് കേസെടുക്കാനുള്ള അനുമതിയാണ് ലഭിച്ചത്.
പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ അന്വേഷണത്തിൽ സ്പോൺസർഷിപ്പ് കരാർ അനുവദിച്ചതിൽ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി കണ്ടെത്തിയിരുന്നു.
ടെൻഡർ നടപടികൾ പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
മന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്പോൺസർഷിപ്പ് റിപ്പോർട്ടർ കമ്പനിക്ക് നൽകിയതെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
അബ്ദുറഹ്മാൻ മന്ത്രിയായിരിക്കെ നടന്ന ഇടപാടായതിനാൽ അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം പ്രോസിക്യൂഷന് മുൻകൂർ അനുമതി ആവശ്യമായിരുന്നു. ഇതുസംബന്ധിച്ച ഫയലിലാണ് ഗവർണർ അനുമതി നൽകിയത്.
രണ്ടാം പിണറായി സർക്കാരിലെ മുൻ മന്ത്രി അഴിമതി കേസിൽ പ്രതിയാകാനുള്ള സാഹചര്യം എൽഡിഎഫിനും സിപിഎമ്മിനും രാഷ്ട്രീയ തിരിച്ചടിയായേക്കും.
നേരത്തെ അബ്ദുറഹ്മാനെതിരായ ആരോപണങ്ങൾ സിപിഎം തള്ളിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു പാർട്ടിയുടെ നിലപാട്.


