സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വിശദീകരണവുമായി കാന്തപുരം എ പി അബൂബക്കർ മുസലിയാർ.
ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നാണ് കാന്തപുരം പറയുന്നത്.
സമൂഹത്തിൽ ഭിന്നത വളർത്താനുള്ള നിക്ഷിപ്ത താൽപ്പര്യങ്ങൾ തിരിച്ചറിയണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണമെന്ന് കാന്തപുരം വ്യക്തമാക്കി.
ആത്മീയ ചർച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും എത്തിക്കാൻ ശ്രമിക്കുന്നവരുടെ താൽപ്പര്യങ്ങൾ തിരിച്ചറിയണം.
അറിവന്വേഷണങ്ങളെ അട്ടിമറിച്ച് സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നും കാന്തപുരം പറഞ്ഞു.
പ്രവർത്തകർ പ്രകോപനങ്ങൾക്ക് വശംവദരാകരുതെന്നും കാന്തപുരം ആഹ്വാനം ചെയ്തു. ഇത്തരം സാഹചര്യങ്ങളിൽ വൈകാരികമായി പ്രതികരിക്കാതെ പക്വതയോടെയും വിവേകത്തോടെയും ഇടപെടണം.
തിന്മകളെ നന്മകൊണ്ട് മാത്രം നേരിട്ട പാരമ്പര്യമാണ് സുന്നി വിശ്വാസികളുടേതെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടുപോകണമെന്നും കാന്തപുരം വ്യക്തമാക്കി.
നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് പിന്നാലെയാണ് കാന്തപുരം നേരത്തെ നടത്തിയ പ്രസ്താവന വിവാദമായത്. മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയ നിർദ്ദേശം എന്ന നിലയിലായിരുന്നു പ്രസ്താവന.
അന്യപുരുഷന്മാർക്കിടയിൽ വേദികളിലോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു നിർദ്ദേശം. ഇതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.
വിവാദ പരാമർശത്തിൽ കോഴിക്കോട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ കാന്തപുരം വിശദീകരണം നൽകുമെന്നാണ് വിവരം. മുഖ്യമന്ത്രിയടക്കമുള്ളവരുടെ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകുമെന്നാണ് സൂചന.
ഇതിനിടെ തൃശൂരിൽ നടന്ന സമ്മേളനത്തിൽ കാന്തപുരം തന്റെ നിലപാട് വിശദീകരിച്ചിരുന്നു.
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്‌ലാം അങ്ങനെ പറയുന്നില്ലെന്നും കാന്തപുരം തൃശൂർ ജില്ലാ മീലാദ് കോൺഫറൻസിൽ പറഞ്ഞു. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകുന്നു എന്ന വിമർശനവും അദ്ദേഹം തള്ളി. പെൺകുട്ടികൾക്ക് മാത്രമായി മദ്രസകളും സ്‌കൂളുകളും സ്ഥാപിച്ചിട്ടുണ്ടെന്നും കേരളത്തിൽ പെൺകുട്ടികൾക്കായി നിരവധി സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അനാഥരായ പെൺകുട്ടികൾക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും കാന്തപുരം വ്യക്തമാക്കി. ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ സൗജന്യമായി നൽകുന്ന സംവിധാനങ്ങളും ഇത്തരം സ്ഥാപനങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുമായി ബന്ധപ്പെട്ട പരാമർശം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചയായി മാറിയ സാഹചര്യത്തിലാണ് പുതിയ വിശദീകരണ പോസ്റ്റുമായി കാന്തപുരം രംഗത്തെത്തിയത്. വിവാദങ്ങളിൽ പ്രകോപിതരാകാതെ സംയമനത്തോടെ മുന്നോട്ടുപോകണമെന്ന സന്ദേശമാണ് പുതിയ പോസ്റ്റിലൂടെ അദ്ദേഹം പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്.


