കൊട്ടാരക്കര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സേവന സമർപ്പണത്തിന്റെ കാൽ നൂറ്റാണ്ട് ജനങ്ങളിലേക്ക് എത്തിക്കാൻ ബിജെപി തയ്യാറെടുക്കുന്നു. ഇതിനായി ഒരു മാസം നീളുന്ന വിവിധ പരിപാടികൾക്കാണ് പാർട്ടി രൂപം നൽകിയിരിക്കുന്നത്.
കൊട്ടാരക്കരയിൽ നടന്ന സേവാ സങ്കൽപ്പ് അഭിയാൻ ശിൽപ്പശാല ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. രക്തദാന ക്യാമ്പ്, സേവ ജ്യോതി യാത്ര തുടങ്ങി 12 തലങ്ങളിലായി വിവിധ പ്രവർത്തനങ്ങൾ നടക്കും.
ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന തരത്തിലാണ് ഈ പരിപാടികൾ രൂപകൽപന ചെയ്തിരിക്കുന്നത്.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത് ഒക്ടോബർ ഏഴിനാണ്. ഈ ദിനത്തിൽ ജില്ലാ കേന്ദ്രത്തിൽ വമ്പൻ മഹാ സമ്മേളനം സംഘടിപ്പിക്കും. ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ചാണ് സമ്മേളനം നടത്തുന്നത്.
ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാർട്ടി സംഘടനാ സെക്രട്ടറി കാശി നാഥൻ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.
വരും ദിവസങ്ങളിൽ പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
നേതാക്കളായ ടി. ആർ. അജിത്കുമാർ, ജി. ഗോപിനാഥ് എന്നിവർ സംസാരിച്ചു.
ആലഞ്ചേരി ജയചന്ദ്രൻ, അഡ്വ. വയക്കൽ സോമൻ എന്നിവരും പങ്കെടുത്തു. വയക്കൽ മധു, വടമൺ ബിജു, ആർ. രശ്മി എന്നിവരും സംസാരിച്ചു.


