വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി തയ്യാറാക്കി. ഇക്കാര്യം ഇസ്രായേൽ അമേരിക്കയെ ഔദ്യോഗികമായി അറിയിച്ചു. യുഎസ് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
ഈയാഴ്ചയാണ് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് അമേരിക്കയ്ക്ക് വിവരം ലഭിച്ചത്. ട്രംപിനെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെക്കുറിച്ച് യുഎസിന് നേരത്തെയും വിവരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണത്തേത് അതീവ ഗൗരവമുള്ളതാണെന്നാണ് നിഗമനം.
ഇറാനുമായുള്ള യുദ്ധസാധ്യതകൾ വർദ്ധിപ്പിക്കാൻ ഇസ്രായേൽ നടത്തുന്ന നീക്കമാണിതെന്ന് ചില ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. എന്നാൽ കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷ വർദ്ധിപ്പിക്കാൻ വൈറ്റ് ഹൗസ് തീരുമാനിച്ചു.
താൻ ഇറാന്റെ ഹിറ്റ് ലിസ്റ്റിലാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. “അവർ എന്നെ ഇല്ലാതാക്കാൻ നോക്കുകയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇതുവരെ രക്ഷപ്പെട്ടത്,” ട്രംപ് പറഞ്ഞു.
സുരക്ഷാ ആശങ്കയെത്തുടർന്ന് ട്രംപിന്റെ വിമാനയാത്രയിൽ മാറ്റം വരുത്തി. തുർക്കിയിൽ നിന്ന് മടങ്ങുമ്പോൾ അദ്ദേഹം പുതിയ എയർഫോഴ്‌സ് വൺ വിമാനം ഉപയോഗിച്ചില്ല. പകരം പഴയ വിമാനത്തിലാണ് യാത്ര ചെയ്തത്. പിന്നീട് യുകെയിൽ വെച്ച് വിമാനം മാറിക്കയറുകയായിരുന്നു.
ഇറാനുമായുള്ള സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. നേരത്തെയുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതീവ ജാഗ്രതയിലാണ് നിലവിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ.


