തിരുവനന്തപുരം: പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ് ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതായി ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയെ അറിയിച്ചു.
പ്ലസ്ടു പഠനം പൂർത്തിയാകുമ്പോൾ പതിനെട്ട് വയസ് തികയുന്ന വിദ്യാർഥികൾക്ക് ലൈസൻസ് നേടാനുള്ള പരിശീലനം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്.
വേനലവധിക്കാലത്ത് വാഹനമോടിക്കാൻ പരിശീലനം നൽകി വിദ്യാർഥികൾക്ക് നേരിട്ട് ഡ്രൈവിങ് ലൈസൻസ് നേടാനുള്ള അവസരം ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കോവിഡ് കാലത്ത് നിർത്തിവെച്ച കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കുന്നതിനായി പഠനം നടത്താൻ കെഎസ്ആർടിസിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
യാത്രക്കാരുടെ ആവശ്യകതയും സാമ്പത്തിക സാധ്യതകളും വിലയിരുത്തിയ ശേഷമായിരിക്കും സർവീസുകൾ വീണ്ടും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം.
പ്രിയദർശിനി സ്ത്രീസൗജന്യയാത്ര പദ്ധതി ചില മേഖലകളിൽ സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിച്ചതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സ്വകാര്യ ബസുകളുടെ ദിവസവരുമാനത്തിൽ ഏകദേശം 1,500 മുതൽ 2,000 രൂപവരെ കുറവുണ്ടായതായി സർക്കാർ വിലയിരുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിന് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വാഹൻ സാരഥി സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
സജി ചെറിയാൻ, സേവ്യർ ചിറ്റിലപ്പിള്ളി, ടി.എം. ശശി, പി.പി. സുമോദ്, അൻവർസാദത്ത്, ജ്യോതികുമാർ ചാമക്കാല, വി. മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടി നൽകിയത്.


