കോട്ടയം ചങ്ങനാശ്ശേരിയിൽ അച്ഛനെയും അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരാണ് മരിച്ചത്.
ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപമുള്ള വീട്ടിലാണ് സംഭവം.
ഇന്ന് രാവിലെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു.
തുടർന്നാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാജു ആന്റണിയെയും ഭാര്യയെയും കിടപ്പുമുറിയിലും മകൻ സബിനെ സ്റ്റോർ റൂമിലുമാണ് കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വീട്ടിൽ അതിക്രമം നടന്നതിന്റെ സൂചനകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സബിന്റെ ഭാര്യ വിദേശത്താണെന്നാണ് വിവരം.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം തുടരുകയാണ്.


