മഹാരാഷ്ട്രയിലെ യുവവ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ പുണെ പോലീസ് നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തു. മുഖ്യപ്രതി സിയ ഗോയലിന്റെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത രഹസ്യ സന്ദേശങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഇതോടെ കൊലപാതക അന്വേഷണം ഇപ്പോൾ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
സിയ സുഹൃത്തിന് അയച്ച സന്ദേശങ്ങളിൽ ചില ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത വിവാഹത്തെക്കുറിച്ച് സിയ ചാറ്റിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്.
വിവാഹത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ സുഹൃത്തിനോട് തിരിച്ചറിയൽ രേഖകൾ അയക്കാൻ സിയ ആവശ്യപ്പെട്ടിരുന്നു.
‘ഒരിക്കലും നടക്കാൻ പോകാത്ത കല്യാണത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാനാണ്’ എന്ന് സിയ സന്ദേശത്തിൽ പറയുന്നു. സുഹൃത്തിനോട് തന്റെ ആധാർ കാർഡിന്റെ ഇരുവശങ്ങളുടെയും പകർപ്പുകൾ അയക്കാനാണ് സിയ ആവശ്യപ്പെട്ടത്.
ഈ രേഖകൾ വാട്‌സാപ്പ് വഴി നേരത്തെ തന്നെ അയച്ചിട്ടുണ്ടെന്ന് സുഹൃത്ത് മറുപടിയും നൽകിയിട്ടുണ്ട്.
പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് അടുത്തിടെ വീണ്ടെടുത്ത വിവരങ്ങളുടെ ഭാഗമാണിത്. സിയയും കേതനും തമ്മിലുള്ള വിവാഹം നടക്കില്ലെന്ന് ഈ സുഹൃത്തിന് അറിയാമായിരുന്നു.
കൊലപാതകത്തിന് മുമ്പോ ശേഷമോ നടത്തിയ ആസൂത്രണങ്ങളെക്കുറിച്ച് പോലീസ് ഇപ്പോൾ വിശകലനം ചെയ്യുകയാണ്.
കൊലപാതക ഗൂഢാലോചനയിൽ മൂന്നാമതൊരാൾക്ക് പങ്കുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. സിയയും ചേതനും ആശയവിനിമയത്തിന് പ്രത്യേക കോഡ് വാക്കുകളാണ് ഉപയോഗിച്ചിരുന്നത്.
പ്രത്യേക വിളിപ്പേരുകളും ഇമോജികളും ഉപയോഗിച്ചുള്ള സന്ദേശങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്.
കോഡ് ഭാഷയിലുള്ള സംഭാഷണങ്ങൾ വിശദമായി പരിശോധിക്കുകയാണെന്ന് പുണെ പോലീസ് കോടതിയെ അറിയിച്ചു. സാഹചര്യത്തെളിവുകളിൽ മാത്രമൂന്നിയാണ് നിലവിൽ കേസന്വേഷണം മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ഡിജിറ്റൽ തെളിവുകൾ കോർത്തിണക്കുക എന്നത് പോലീസിന് വലിയ കടമ്പയാണ്.
സിയയെയും ചേതനെയും നുണപരിശോധനയ്ക്ക് വിധേയരാക്കാൻ പോലീസ് നേരത്തെ കോടതിയോട് അനുമതി തേടിയിരുന്നു. എന്നാൽ നുണപരിശോധനയ്ക്ക് വിധേയരാകാൻ പ്രതികൾ ഇരുവരും വിസമ്മതിക്കുകയാണുണ്ടായത്.
കൊലപാതക പദ്ധതിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ബീഡ് ജില്ലയിലെ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ താൻ അവരെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് യുവാവ് പോലീസിന് മൊഴി നൽകി.
സിയ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടാമത്തെ ഫോൺ കൂടി അന്വേഷണ സംഘം കണ്ടെടുത്തു. ഈ ഫോണിലെ ഡിജിറ്റൽ തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് ഉടൻ വിധേയമാക്കും. പ്രതികൾ നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്.


