മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള ബന്ധത്തിൽ നിലപാട് മയപ്പെടുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
സതീശനുമായി അന്നും ഇന്നും വ്യക്തിപരമായ പിണക്കമില്ലെന്നും വിഷയങ്ങളുടെ അടിസ്ഥാനത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്നുമാണ് വെള്ളാപ്പള്ളിയുടെ പുതിയ പ്രതികരണം.
സതീശൻ കണിച്ചുകുളങ്ങരയിലെത്തിയാൽ സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ സന്ദർശനത്തിന് താൻ എതിരല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശൻ മിടുമിടുക്കനാണെന്ന് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സതീശന് വട്ടാണെന്നും ഊളമ്പാറയിൽ ചികിത്സിപ്പിക്കണമെന്നും നേരത്തെ നടത്തിയ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, അന്നത്തെ വിമർശനം ചില വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചു.
കുറച്ചുകൂടി പക്വത വേണമെന്നായിരുന്നു അന്ന് ഉദ്ദേശിച്ചതെന്നും പഴയ പ്രസ്താവനകൾ ഇന്നത്തെ നിലപാടായി കാണേണ്ടതില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സതീശൻ മുഖ്യമന്ത്രിയായ ശേഷം ഇരുവരും പരസ്പരം ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സതീശൻ തന്റെ വീട്ടിലേക്ക് വരുന്നത് ഒരിക്കലും നിഷേധിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
എൻഎസ്എസ് പറഞ്ഞതുകൊണ്ട് സതീശൻ കണിച്ചുകുളങ്ങരയിൽ വരരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എൻഎസ്എസുമായുള്ള ബന്ധത്തിലെ ഇണക്കവും പിണക്കവും അവരുടെ കാര്യമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പിണറായി വിജയനെക്കുറിച്ചും വെള്ളാപ്പള്ളി അനുകൂല നിലപാടാണ് പ്രകടിപ്പിച്ചത്.
പിണറായി നിലപാടുള്ള നേതാവാണെന്നും അതിന്റെ ഗുണവും ദോഷവും അദ്ദേഹം അനുഭവിച്ചിട്ടുണ്ടെന്നും പറഞ്ഞു. പിണറായിയുടെ കാറിൽ കയറിയതിൽ തെറ്റൊന്നുമില്ലെന്നും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എൽഡിഎഫ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും തോൽവിക്ക് പിന്നാലെ താൻ നടത്തിയ പ്രതികരണത്തിൽ ഊക്ക് പോരെന്നുവരെ ചിലർ പറഞ്ഞെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സിപിഎമ്മിലെ പി. ജയരാജനെക്കുറിച്ചും വെള്ളാപ്പള്ളി പരാമർശിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ പ്രതിപക്ഷമാണ് പി. ജയരാജനെന്നും അദ്ദേഹം തന്നെ വിടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മൈക്രോഫിനാൻസ് കേസിലും വെള്ളാപ്പള്ളി പ്രതികരിച്ചു. തന്നെ പ്രതിയാക്കണമെന്ന് ഒരു കോടതിയും നിർദേശിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ താൻ പ്രതിയല്ലെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.
തന്നെ പ്രതിചേർക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പ്രതിയാക്കാനുള്ള നീക്കം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു. കോൺഗ്രസിലെ തമ്മിൽത്തല്ല് സ്വാഭാവികമാണെന്നും യുഡിഎഫിൽ ചക്കളത്തിപ്പോര് പതിവാണെന്നും പറഞ്ഞു. എൽഡിഎഫിലും ജയരാജന്മാർ തമ്മിൽ പോരുണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് ആരോടും പ്രത്യേക സോഫ്റ്റ് കോർണറില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.


