Top News
ഇടുക്കി അണക്കെട്ടിലെ താഴ്ന്ന ജലനിരപ്പ് കാണിക്കുന്ന ചിത്രം.

ഇടുക്കി ഡാമിൽ ജലനിരപ്പ് താഴുന്നു; വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളം?

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിൽ ജലനിരപ്പ് അപകടകരമാം വിധം താഴുന്നു. കാലവർഷം ദുർബലമായത് വൈദ്യുതി ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

നിലവിൽ 2327.22 അടി വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. ഇത് ആകെ സംഭരണശേഷിയുടെ 27 ശതമാനം മാത്രമാണ്.

കഴിഞ്ഞ വർഷം ഇതേസമയം 2363.06 അടി വെള്ളം ഡാമിലുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 35.84 അടി കുറവാണിത്. ആറ് ജനറേറ്ററുകളും 24 മണിക്കൂറും പ്രവർത്തിപ്പിച്ചാൽ ഒരു മാസത്തേക്കുള്ള വെള്ളം മാത്രമേ ഡാമിലുള്ളൂ.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ഇത് കാരണമായേക്കും.

മുല്ലപ്പെരിയാർ, പൊന്മുടി തുടങ്ങിയ ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിൽ 112.75 അടി വെള്ളം മാത്രമാണുള്ളത്. ഇത് തമിഴ്നാടിന്റെ ജലസേചനത്തെയും ബാധിച്ചേക്കാം.

തുലാവർഷം കനിഞ്ഞില്ലെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരും.

നിലവിൽ മൂലമറ്റം പവർ ഹൗസിൽ ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്. ദിവസേന 10 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ ഇത് വലിയ വെല്ലുവിളിയാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അധികൃതർ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.

വൈദ്യുതി ഉപയോഗത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു