താമരശ്ശേരി : താമരശ്ശേരിയിലെ ഒരു സർക്കാർ സ്‌കൂളിൽ അധ്യാപകരുടെ ജാഗ്രത വലിയൊരു ദുരന്തം ഒഴിവാക്കി.
പത്താംക്ലാസ് വിദ്യാർഥിയുടെ ബാഗിൽനിന്നാണ് അരലിറ്റർ ചാരായം കണ്ടെത്തിയത്. സംശയം തോന്നിയ അധ്യാപകർ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ സഹപാഠിയാണ് മദ്യം ബാഗിൽ വെച്ചതെന്ന് കുട്ടി മൊഴി നൽകി.
ആ വിദ്യാർഥിയെ ചോദ്യം ചെയ്തതോടെ വ്യാജമദ്യ വിപണനത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചു. ചമൽ കേളൻമൂലയിലെ റബ്ബർത്തോട്ടത്തിൽനിന്നാണ് 28 ലിറ്റർ ചാരായം പിടിച്ചെടുത്തത്.
അരലിറ്ററിന്റെ 56 കുപ്പികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ സ്‌കൂളിൽ സംരക്ഷണ സമിതി യോഗം നടക്കുകയായിരുന്നു. ആറോളം വിദ്യാർഥികൾ മദ്യം ഉപയോഗിച്ചതായി പോലീസിന് രഹസ്യവിവരം ലഭിച്ചു.
അബ്കാരി ആക്ട് പ്രകാരം ചമൽ കേളൻമൂല സ്വദേശി പൂവൻമല രമേശനെതിരെ കേസെടുത്തു.
ഇയാൾക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതി മദ്യം ഉത്പാദിപ്പിച്ച് ഇവിടെ ശേഖരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
മദ്യം സ്‌കൂളിലെത്തിച്ച വിദ്യാർഥികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. പ്രിൻസിപ്പൽ എസ്.ഐ ഗൗതം ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
സ്‌കൂൾ പരിസരത്ത് ലഹരിമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.


