Top News
shafi faction protests against unnithan with gooseberry parcel

രാജ്‌മോഹൻ ഉണ്ണിത്താന് നെല്ലിക്ക പാഴ്സൽ: ഷാഫി പക്ഷത്തിന്റെ വേറിട്ട പ്രതിഷേധം

ഉണ്ണിത്താനെതിരെ വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ ഷാഫി അനുകൂലികൾ രംഗത്തെത്തി.

തലയിൽ നെല്ലിക്ക തളം വെക്കണമെന്ന പരിഹാസത്തോടെയാണ് രാജ്‌മോഹൻ ഉണ്ണിത്താന് നെല്ലിക്ക പാഴ്സലായി അയച്ചത്.

വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധത്തിന് പിന്നിൽ.

കോൺഗ്രസിലെ യുവ നേതാക്കളിൽ നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഉണ്ണിത്താൻ തുടർച്ചയായി വിമർശനം നേരിടുന്നതിനിടെയാണ് പുതിയ പ്രതിഷേധം.

കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, റിജിൽ മാക്കുറ്റി തുടങ്ങിയവർ ഉണ്ണിത്താനെ പരസ്യമായി വിമർശിക്കുകയും ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം, രാജ്‌മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുള്ള പരസ്യമായ വാക്പോര് താൽക്കാലികമായി അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെട്ടിട്ടുണ്ട്.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ നേതൃത്വത്തിൽ ഇരുനേതാക്കളുമായും ചർച്ച നടത്തി. പരസ്യ പ്രസ്താവനകൾ ഒഴിവാക്കാനാണ് ധാരണയായത്.

എ ഗ്രൂപ്പ് പ്രതിനിധികൾ, ചാണ്ടി ഉമ്മൻ എംഎൽഎ, ജെ.എസ്. അഖിൽ എന്നിവരുമായും ദീപ ദാസ് മുൻഷി ചർച്ച നടത്തിയിരുന്നു.

തനിക്കെതിരായ സൈബർ ആക്രമണത്തിൽ നടപടി വേണമെന്ന ആവശ്യവും ചർച്ചയിൽ ഉണ്ണിത്താൻ ഉന്നയിച്ചു.

ജിൻഷാദ് ജിനാസ്, നേമം ഷെജീർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇനിയും പ്രകോപനമുണ്ടായാൽ തുറന്നുപറയുമെന്ന മുന്നറിയിപ്പും ഉണ്ണിത്താൻ നൽകിയിട്ടുണ്ട്.

ഷാഫി പറമ്പിൽ എ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന ഉണ്ണിത്താന്റെ പ്രസ്താവനയും പിന്നാലെ ഉണ്ടായ സൈബർ ആക്രമണങ്ങളുമാണ് കോൺഗ്രസിലെ ആഭ്യന്തര തർക്കം പരസ്യമായ പോരിലേക്ക് എത്തിച്ചത്.

സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്ന സൂചനയും ഉണ്ണിത്താൻ നേരത്തെ നൽകിയിരുന്നു. തന്റെ ഡയറിയിൽ പല കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആക്രമണം തുടർന്നാൽ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

ഉമ്മൻചാണ്ടിയുടെ കാലത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടും ഉണ്ണിത്താൻ വിമർശനം ഉന്നയിച്ചിരുന്നു.

അടൂരുകാരനെ അധ്യക്ഷനാക്കിയതിനെക്കുറിച്ചുള്ള പരാമർശവും എറണാകുളത്തെ പനമ്പള്ളി നഗറിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട സൂചനകളും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു.

2020 എന്ന വാഹന നമ്പറും വലിയ രാഷ്ട്രീയ ആരോപണത്തിലേക്കുള്ള സൂചനയായി അദ്ദേഹം പരാമർശിച്ചിരുന്നു.

പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കാൻ നേതൃത്വം ധാരണയിലെത്തിയെങ്കിലും നെല്ലിക്ക പാഴ്സൽ പ്രതിഷേധം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

താൽക്കാലിക വെടിനിർത്തലിന് പിന്നാലെയും കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ അടങ്ങിയിട്ടില്ലെന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു