Top News
protests capped at 50,000; new guidelines proposed in delhi

ഡൽഹിയിൽ പ്രതിഷേധങ്ങൾക്ക് കടുത്ത നിയന്ത്രണം: രാംലീല മൈതാനത്ത് 50,000 പേർക്ക് മാത്രം അനുമതി

രാജ്യതലസ്ഥാനത്തെ രാംലീല മൈതാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കും പൊതുസമ്മേളനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഡൽഹി പൊലീസ് പുതിയ കരട് മാർഗനിർദേശങ്ങൾ തയ്യാറാക്കി.

പുതിയ നിർദേശമനുസരിച്ച് പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം അമ്പതിനായിരമായി നിജപ്പെടുത്തും.

രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രമായിരിക്കും പ്രതിഷേധങ്ങൾക്ക് അനുമതി നൽകുക. കരട് മാർഗരേഖ അംഗീകാരത്തിനായി ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ പതിനൊന്നിന് ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ പൊലീസ്, രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നിവയെ ബദൽ വേദികളായി നിശ്ചയിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായാണ് പുതിയ നിബന്ധനകൾ.

പുതിയ മാർഗരേഖ പ്രകാരം ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് അനുമതി വാങ്ങിയ ശേഷം, പരിപാടിക്ക് പത്ത് ദിവസം മുൻപെങ്കിലും പൊലീസിൽ അപേക്ഷ നൽകണം.

ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ടതിന്റെയും പാർക്കിംഗ്, ഗതാഗത സൗകര്യങ്ങൾ, കുടിവെള്ളം, വൈദ്യസഹായം, ശുചിമുറി, മാലിന്യ സംസ്കരണം എന്നിവ ഉറപ്പാക്കേണ്ടതിന്റെയും ഉത്തരവാദിത്തം സംഘാടകർക്കായിരിക്കും. മൈതാനത്ത് തോക്കുകൾ, വാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾക്ക് കർശന വിലക്കുണ്ടാകും.

മൈതാനത്തിന് സമീപം ഡ്രോണുകൾ പറത്തുന്നതിനും മുൻകൂർ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു