കൊച്ചി: സംസ്ഥാനത്തേക്ക് വ്യാപകമായി രാസലഹരി എത്തിക്കുന്ന പ്രധാന സൂത്രധാരൻ വൈറ്റിലയിൽ എക്സൈസിന്റെ പിടിയിലായി. എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കോട്ടയം സ്വദേശിയായ വരുൺ ദേവ് അറസ്റ്റിലായത്.
ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തിയാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. വാഹനത്തിൽ നിന്ന് 232 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു.
ലഹരി വിപണിയിൽ ‘ബോസ്’, ‘എക്സ്’ എന്നീ വിളിപ്പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്.
വരുന്ന ഓണക്കാലം ലക്ഷ്യമിട്ട് വലിയ ലഹരി വിൽപ്പനയ്ക്കാണ് സംഘം പദ്ധതിയിട്ടിരുന്നത്. അഞ്ച് കോടി രൂപയുടെ ലഹരിക്കച്ചവടമായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം.
ഡൽഹി, രാജസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് രാസലഹരി ശേഖരിക്കുന്നത്.
ശേഖരിക്കുന്ന മയക്കുമരുന്ന് റോഡ് മാർഗം സുരക്ഷിതമായി കേരളത്തിലേക്ക് കടത്തുന്നു. കോട്ടയത്ത് പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. വിശ്വസ്തരായ ഇടനിലക്കാർ വഴിയാണ് കൊച്ചിയിലെ വിൽപ്പനക്കാർക്ക് ലഹരി നൽകുന്നത്.
കച്ചവടക്കാരുമായി വരുൺ ദേവ് നേരിട്ട് സമ്പർക്കം പുലർത്താറില്ലായിരുന്നു. ലഹരി വിതരണത്തിനായി പെൺകുട്ടികളെ വ്യാപകമായി ഉപയോഗിച്ചതായി എക്സൈസ് കണ്ടെത്തി. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കലൂരിലെ ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം രണ്ടുപേർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് 49 ഗ്രാം രാസലഹരി എക്സൈസ് കണ്ടെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വരുൺ ദേവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
കോട്ടയത്തുനിന്ന് കൊച്ചിയിലേക്ക് ലഹരി കടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് വൈറ്റിലയിൽ വെച്ച് വാഹനം വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. അഞ്ച് കിലോ എംഡിഎംഎ കേരളത്തിലെത്തിച്ചതായി പ്രതി പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഒരിക്കൽ ലഹരി എത്തിക്കുമ്പോൾ നാലു കോടിയുടെ ലാഭമാണ് സംഘം നേടിയിരുന്നത്. ഇയാളുടെ ബിനാമി ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും എക്സൈസ് പരിശോധിച്ച് വരികയാണ്.


