അന്തരിച്ച ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവാ പുരസ്‌കാരം നടൻ മമ്മൂട്ടി ഏറ്റുവാങ്ങി.
പുരസ്‌കാരം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിൽ വെറുപ്പിനും വിദ്വേഷത്തിനുമെതിരെ ശക്തമായ സന്ദേശമാണ് മമ്മൂട്ടി പങ്കുവെച്ചത്.
തിന്മയാണ് മനുഷ്യന്റെ യഥാർഥ ശത്രുവെന്നും പരസ്പരം ശത്രുക്കളായി കാണുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന നിരവധി കാര്യങ്ങളാണ് ദിവസവും കണ്ടും കേട്ടും കൊണ്ടിരിക്കുന്നതെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.
ശത്രുക്കളെ ഇല്ലാതാക്കാൻ താൻ സ്വീകരിക്കുന്ന മാർഗം അവരെ മിത്രങ്ങളാക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു. ബോംബിട്ടോ വെടിവെച്ചോ ആക്രമിച്ചോ അല്ല, സ്നേഹത്തിലൂടെ ശത്രുക്കളെ മിത്രങ്ങളാക്കുകയാണ് വേണ്ടത്. അവർ മുൻകൈ എടുത്തില്ലെങ്കിലും നമ്മൾ അതിന് തയ്യാറാകണമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
ജീവിതത്തിൽ ഏറ്റവും കൂടുതൽ ആനന്ദം നൽകുന്നത് സമാധാനമാണെന്നും പണമോ ആഡംബര സൗകര്യങ്ങളോ അല്ല യഥാർഥ സന്തോഷമെന്നും മമ്മൂട്ടി വ്യക്തമാക്കി.
ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് ശ്രേഷ്ഠ ബാവാ പുരസ്‌കാരം നൽകുന്നത്.


