Top News
ഉസ്ബെക്കിസ്ഥാനിൽ മരിച്ച സാവരിയ ബസന്ത്.

ഉസ്ബെക്കിസ്ഥാനിൽ മലയാളി പെൺകുട്ടി മരിച്ച സംഭവം: സഹപാഠി മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

ഉസ്ബെക്കിസ്ഥാനിൽ പഠനത്തിനിടെ മലയാളി മെഡിക്കൽ വിദ്യാർഥിനി ദാരുണമായി കൊല്ലപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ സ്വദേശിനി സാവരിയ ബസന്താണ് (21) മരിച്ചത്. ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു സാവരിയ.

സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൽ അനമിനെ (22) ഉസ്ബെക്കിസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.

സുഹൃത്തുക്കളായ ഇവർക്കിടയിൽ ഉണ്ടായ വാക്കുതർക്കം പെട്ടെന്നു രൂക്ഷമായി. ഇതിനിടെ സദറുൽ അനം ലാപ്ടോപ് ഉപയോഗിച്ച് സാവരിയയുടെ തലയിൽ ശക്തമായി അടിച്ചുവെന്നാണ് വിവരം.

ആക്രമണത്തിൽ ബോധരഹിതയായി വീണ സാവരിയയെ പ്രതി തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. ബുഖാറയിൽ വച്ച് മരണവിവരം പുറത്തറിഞ്ഞതോടെ നാട്ടിലുള്ള കുടുംബം അതീവ ദുഃഖത്തിലായി.

മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ദുബായിലുള്ള സാവരിയയുടെ പിതൃസഹോദരൻ വിവരമറിഞ്ഞ് ഉടൻ തന്നെ ഉസ്ബെക്കിസ്ഥാനിലേക്ക് തിരിച്ചു. കെ.സി. വേണുഗോപാലിന്റെ ഇടപെടലിനെത്തുടർന്ന് ഇന്ത്യൻ സ്ഥാനപതി എല്ലാ സഹായവും ഉറപ്പുനൽകി. മൃതദേഹം ഡൽഹിയിലെത്തിക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് സാവരിയ മെഡിക്കൽ പഠനത്തിനായി ബുഖാറയിലെത്തിയത്. പഠനത്തിൽ മിടുക്കിയായിരുന്ന സാവരിയ, മികച്ചൊരു ഡോക്ടറാകണമെന്ന വലിയ സ്വപ്നത്തിലായിരുന്നു.

മകളുടെ മരണം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് അമ്മ മിനി സുപ്രഭയും കുടുംബാംഗങ്ങളും.

സഹപാഠി കസ്റ്റഡിയിലാണെന്ന് കോളജ് അധികൃതർ അറിയിച്ചെങ്കിലും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സദറുൽ അനമിന്റെ കുടുംബം നോർക്ക വഴി നിയമസഹായം തേടിയിട്ടുണ്ട്.

പ്രതി ഈ മാസം ഒൻപതിന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

തിരുവാതിര കളിയിലും ചിത്രരചനയിലും മികവ് തെളിയിച്ച സാവരിയയുടെ മരണം ഹരിപ്പാട് പിലാപ്പുഴ ഗ്രാമത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സാവരിയയുടെ വിയോഗം നാടിന്റെ തീരാനഷ്ടമായി മാറിയിരിക്കുന്നു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു