കൊല്ലം ആർപി മാളിലെ മൾട്ടിപ്ലക്‌സ് തിയേറ്ററിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. സംഭവത്തിൽ തിയേറ്റർ ഉടമയ്ക്ക് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവർ നോട്ടീസ് നൽകി.
തിയേറ്ററിലെ കഫറ്റീരിയയിൽ നിന്ന് മൂന്ന് ദിവസം പഴക്കമുള്ള കാലാവധി കഴിഞ്ഞ പാൽ പരിശോധനാ സംഘം പിടിച്ചെടുത്തു. ഭക്ഷ്യസാധനങ്ങൾ സൂക്ഷിച്ചിരുന്ന ഫ്രീസറിനും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ലെന്നാണ് കണ്ടെത്തൽ.
ഐസ്‌ക്രീം ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ തുറന്ന നിലയിലാണ് ഫ്രീസറിൽ സൂക്ഷിച്ചിരുന്നത്. ഇവയിൽ മുടിയും പ്രാണികളും വീണ നിലയിലായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.
കഫറ്റീരിയയിലെ വൃത്തിഹീനമായ സാഹചര്യവും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
തിയേറ്ററിൽ വിതരണം ചെയ്യുന്ന പോപ്പ്‌കോണിന്റെ ബില്ലിൽ കൃത്യമായ തൂക്കം രേഖപ്പെടുത്തിയിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ പേരിലാണ് ലീഗൽ മെട്രോളജി വിഭാഗം ഉടമയ്ക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയത്.
സാധനങ്ങളുടെ വിലയിലും അളവിലും തൂക്കത്തിലും ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിലുള്ള വ്യത്യാസങ്ങളുണ്ടോ എന്നതും പരിശോധനാ സംഘം പരിശോധിക്കുന്നുണ്ട്.
സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്ന സംയുക്ത സംഘമാണ് നിലവിൽ മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ പരിശോധന നടത്തുന്നത്. കൊല്ലം കൊട്ടിയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തിയേറ്ററുകളിലും പരിശോധന തുടരുകയാണ്.
കോട്ടയം നഗരത്തിലും സംയുക്ത പരിശോധനകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ തിയേറ്ററുകളിലും പരിശോധന നടത്തിയിരുന്നു.
ലുലു മാൾ ഉൾപ്പെടെയുള്ള പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിലെ തിയേറ്ററുകളും പരിശോധനയുടെ ഭാഗമായിട്ടുണ്ട്.
തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്കും കുടിവെള്ളത്തിനും അമിത വില ഈടാക്കുന്നുവെന്ന പരാതികൾ ഉയർന്നതോടെയാണ് പരിശോധന ശക്തമാക്കിയത്.
പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന എംആർപിയേക്കാൾ അധികം തുക ഈടാക്കുന്നുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
അതോടൊപ്പം ഉൽപ്പന്നങ്ങളുടെ സ്റ്റാൻഡേർഡ് യൂണിറ്റിൽ വ്യത്യാസമുണ്ടോ, കടകളിലും കഫറ്റീരിയകളിലും വിലവിവരം കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ടോ, ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
എംആർപിയേക്കാൾ കൂടുതൽ തുക ഈടാക്കുകയോ സ്റ്റാൻഡേർഡ് അളവിലും തൂക്കത്തിലും നിയമലംഘനം നടത്തുകയോ ചെയ്താൽ ലീഗൽ മെട്രോളജി വിഭാഗത്തിന് നടപടിയെടുക്കാനാകും.
സംസ്ഥാനത്തെ മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ പരിശോധന തുടരുന്നതിനിടെയാണ് കൊല്ലം ആർപി മാളിൽ നിന്ന് പഴകിയ പാലും വൃത്തിഹീനമായ ഭക്ഷ്യസാധനങ്ങളും കണ്ടെത്തിയത്.


