കളിക്കളത്തിലും ജീവിതത്തിലും ചിറകിലൊതുക്കിയ സ്വപ്നങ്ങളുമായി മുന്നേറുന്നതിനിടെയാണ് അഖിലിനെ ആ ക്രൂരവിധി തേടിയെത്തിയത്. കാസർഗോഡ് വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ വാലിപ്ലാക്കൽ ജോയന്റെയും സാലിയുടെയും ഏകമകനാണ് അഖിൽ ജോയൻ (26).
പത്തൊമ്പതാം വയസ്സിലാണ് അഖിൽ മർച്ചന്റ് നേവിയിൽ ജോലിക്കായി ചേരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്നതായിരുന്നു അഖിലിന്റെ വലിയ ആഗ്രഹം.
ആ സ്വപ്നം സഫലമാക്കി ഒരു വർഷം മുമ്പ് അവൻ പുതിയ വീട്ടിലേക്ക് കയറിത്താമസിച്ചു.
ഈ വർഷം നാട്ടിൽ അവധിക്കെത്തിയപ്പോൾ വിവാഹത്തിനുള്ള ഒരുക്കങ്ങളായിരുന്നു വീടുകളിൽ നടന്നിരുന്നത്. അടുത്ത വരവിൽ വിവാഹം നടത്താമെന്ന ഉറപ്പോടെയാണ് അവൻ സുഹൃത്തുക്കളോടും കുടുംബത്തോടും യാത്ര പറഞ്ഞത്.
സന്തോഷത്തോടെ ജോലിസ്ഥലത്തേക്ക് തിരികെ പോയി ഒരു മാസം തികയും മുമ്പാണ് ആ ദുരന്തവാർത്ത നാടിനെ തേടിയെത്തിയത്.
യുക്രൈനിലെ ഒഡേസ തീരത്തുണ്ടായിരുന്ന ‘ഗോൾഡൻ ലിയോ’ എന്ന ചരക്കുകപ്പലിന് നേരെയായിരുന്നു റഷ്യയുടെ ആക്രമണം. കപ്പലിന്റെ സൂപ്പർസ്ട്രക്ചറിന് നേരെ റഷ്യൻ സേന ക്രൂയിസ് മിസൈലുകൾ തൊടുത്തുവിടുകയായിരുന്നു.
ഈ മിസൈലാക്രമണത്തിൽ അഖിൽ ഉൾപ്പെടെയുള്ളവർ കപ്പലിൽ വെച്ച് കൊല്ലപ്പെടുകയായിരുന്നു.
അപകടവിവരമറിഞ്ഞ് കടുത്ത ദുഃഖത്തിലും നിരാശയിലുമാണ് കുടുംബാംഗങ്ങളും നാട്ടുകാരും. റോപ്പ് പുൾഅപ്പിലും വടംവലിയിലും മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ മിടുക്കനാണ് അഖിൽ. രാജ്യത്തിന് പുറത്ത് കടലിൽ പൊലിഞ്ഞത് ഒരു യുവതാരത്തിന്റെ കരിയറും വലിയ പ്രതീക്ഷകളുമാണ്.


