കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം കാണാൻ പുതിയ നടപടികളുമായി സർക്കാർ. സംസ്ഥാനത്ത് സൗരോർജ വൈദ്യുതി കൂടുതൽ പ്രോത്സാഹിപ്പിക്കാനാണ് ആലോചന.
ആഢംബര വീടുകൾ വൈദ്യുതി ഉപയോഗത്തിൽ സ്വയംപര്യാപ്തമാകണമെന്ന നിർദ്ദേശം നൽകാനും നീക്കമുണ്ട്.
ഇതിന് പുറമെ വാണിജ്യ കെട്ടിടങ്ങളിലും സൗരോർജ സംവിധാനങ്ങൾ നിർബന്ധമാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുകയാണ്.
ഭാവിയിൽ ആഢംബര വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും കെട്ടിട നമ്പർ ലഭിക്കണമെങ്കിൽ സോളാർ പാനലിനൊപ്പം വൈദ്യുതി സംഭരിക്കുന്ന സ്റ്റോറേജ് സംവിധാനവും നിർബന്ധമാക്കാനാണ് ആലോചന.
സ്റ്റോറേജ് സംവിധാനം കൂടി ഉണ്ടെങ്കിൽ പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന സൗരോർജ വൈദ്യുതി രാത്രിയിലും ഉപയോഗിക്കാൻ കഴിയും.
നിലവിലെ വൈദ്യുതി ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു പദ്ധതിയിലേക്ക് നീങ്ങുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനശേഷിയിൽ ഏകദേശം ആയിരം മെഗാവാട്ടിന്റെ വർധനവ് ഉണ്ടാക്കിയെന്നാണ് സർക്കാർ വാദം.
സൗരോർജ പദ്ധതികൾക്ക് നൽകിയ പ്രോത്സാഹനവും ഈ വർധനവിന് കാരണമായിരുന്നു.
ഇപ്പോൾ സംസ്ഥാനം വലിയ വൈദ്യുതി ക്ഷാമത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ സമാനമായ ബദൽ മാർഗത്തിലേക്ക് യുഡിഎഫ് സർക്കാരും കടക്കുകയാണ്.
ജലവൈദ്യുത പദ്ധതികൾക്കും ഡീസൽ വൈദ്യുത പദ്ധതികൾക്കും നിലവിലുള്ള പരിമിതികളും സൗരോർജത്തെ കൂടുതൽ ആശ്രയിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബി പരിശോധനകൾ ആരംഭിച്ചുകഴിഞ്ഞു. സോളാർ സംവിധാനവും സ്റ്റോറേജും നിർബന്ധമാക്കിയാൽ സംസ്ഥാനത്ത് എത്രത്തോളം വൈദ്യുതി ലാഭിക്കാൻ സാധിക്കും എന്നതിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
അതേസമയം വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും ഉത്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുന്ന അധിക വൈദ്യുതി രാത്രികാലങ്ങളിൽ കൂടുതൽ വിലയ്ക്ക് വാങ്ങുന്ന സംവിധാനവും സർക്കാർ പരിഗണിക്കുന്നുണ്ട്. നിലവിൽ വീടുകളിൽ നിന്ന് മിച്ച വൈദ്യുതി താരതമ്യേന കുറഞ്ഞ വിലയ്ക്കാണ് വാങ്ങുന്നത്.
പദ്ധതി യാഥാർത്ഥ്യമായാൽ സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കുന്ന വീട്ടുടമകൾക്ക് അധിക വരുമാനം നേടാനും സാധിച്ചേക്കും. അതേസമയം സോളാർ സ്റ്റോറേജ് സംവിധാനം നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങളും സർക്കാർ പരിശോധിച്ചുവരികയാണ്.
എത്ര സ്ക്വയർ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങളിൽ പദ്ധതി നിർബന്ധമാക്കണം, ഏത് വിഭാഗത്തിലുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും ഇത് ബാധകമാക്കണം തുടങ്ങിയ കാര്യങ്ങളിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം കാണുന്നതിനൊപ്പം, വീടുകളിലും സ്ഥാപനങ്ങളിലും തന്നെ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന രീതിയിലേക്ക് സംസ്ഥാനത്തെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്.


