സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്‌ക്കെതിരെയാണ് നടപടി.
വിദേശത്തേക്ക് പണം അയച്ചതില്‍ ഫെമ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. വീണയുടെ ഡയറിയില്‍ 85 ലക്ഷം ദുബൈയിലേക്ക് അയച്ചതായി കുറിച്ചിരുന്നു. പണം എങ്ങനെ, ആര്‍ക്ക് അയച്ചു എന്നാണ് പ്രധാന അന്വേഷണം.
വീണയില്‍ നിന്നും പിടിച്ചെടുത്ത കയ്യെഴുത്ത് കണക്കിലാണ് വിദേശ ഇടപാടുകള്‍ ഉള്ളത്. വരുമാനത്തില്‍ കവിഞ്ഞ പണം കൈകാര്യം ചെയ്തതില്‍ വീണ മറുപടി നല്‍കേണ്ടി വരും.
ഹവാല ഇടപാട് സംശയത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ വീണയെ അടുത്തയാഴ്ച ഇഡി വീണ്ടും ചോദ്യം ചെയ്യും.
വീണ ഉപയോഗിച്ച വ്യാജ സിം കാര്‍ഡിന്റെ ഉടമയെ ഇഡി കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ ഡിവൈഎഫ്‌ഐ നേതാവ് നന്ദുലാലിന്റെ പേരിലാണ് സിം എടുത്തത്.
മുഹമ്മദ് റിയാസും വീണയും ആവശ്യപ്പെട്ടത് അനുസരിച്ചാണ് സിം നല്‍കിയതെന്ന് നന്ദുലാല്‍ മൊഴി നല്‍കി. മുഹമ്മദ് റിയാസ് തന്റെ അടുത്ത സുഹൃത്താണെന്ന് നന്ദുലാല്‍ വ്യക്തമാക്കുന്നു.
വീണയേയും തനിക്ക് പരിചയമുണ്ടെന്ന് അദ്ദേഹം ഇഡിക്ക് മൊഴി നൽകി. 2024 മുതല്‍ ഈ സിം വീണ ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഹവാല ഇടപാടുകളുടെ ആശയവിനിമയത്തിനാണ് ഇത് ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.
നന്ദുലാലിന്റെ പേരിലുള്ള സിം വൈഫൈ റൂട്ടറിലാണ് ഉപയോഗിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റ് കോളുകള്‍ക്കാണ് സിം പ്രധാനമായി ഉപയോഗിച്ചത്.
മുഹമ്മദ് റിയാസ് ടൂറിസം മന്ത്രിയായിരിക്കെ നന്ദുലാല്‍ ഡെസ്റ്റിനേഷന്‍ മാനേജരായി പ്രവർത്തിച്ചു. നന്ദുലാലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രേഖകളുടെ പകര്‍പ്പുകള്‍ ഇഡി പിടിച്ചെടുത്തു. മറ്റൊരാളുടെ പേരിലെടുത്ത സിം ഉപയോഗിച്ചതില്‍ വിശദമായ അന്വേഷണം നടക്കും.


