ന്യൂഡൽഹി: വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
സന്തോഷ് നഗർ സ്വദേശിയായ സിവിൽ എഞ്ചിനീയർ മുഹമ്മദ് ജാബർ ഹുസൈൻ (28) ആണ് മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വസതിയിൽ മരിച്ചത്.
ഓഗസ്റ്റ് 28-നായിരുന്നു ടെക്സാസിൽ വെച്ച് ജാബറിന്റെ വിവാഹം നടന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ജാബർ താൻ ജോലി ചെയ്യുന്ന മസാച്ചുസെറ്റ്സിലേക്ക് മടങ്ങുകയായിരുന്നു.
എന്നാൽ ഭാര്യ ഇയാൾക്കൊപ്പമാണോ അതോ ടെക്സാസിൽ തന്നെ തുടരുകയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പിതാവ് മുഹമ്മദ് സാക്കിർ ഹുസൈൻ വ്യക്തമാക്കി.
സെപ്റ്റംബർ 14-ന് ജാബർ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. അപ്പോൾ ആരോഗ്യാവസ്ഥയിൽ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല.
എന്നാൽ ആ സംഭാഷണത്തിന് എട്ട് മണിക്കൂറിന് ശേഷം ജാബറിന്റെ റൂംമേറ്റ് ഫോണിൽ വിളിച്ച് മരണവിവരം അറിയിക്കുകയായിരുന്നുവെന്ന് പിതാവ് പറയുന്നു.
2021-ലാണ് ജാബർ ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് തിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹെവനിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം, അവിടെ തന്നെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
മകന്റെ പെട്ടെന്നുള്ള മരണം സൃഷ്ടിച്ച ആഘാതത്തിലാണ് ഈ കുടുംബം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായതിനാൽ, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടാണെന്നും കേന്ദ്രസർക്കാർ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അടിയന്തര കത്തയച്ച് കേന്ദ്രത്തിന്റെ നിവേദനം തേടിയിട്ടുണ്ട്.
ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട അധികൃതരുമായും ഏകോപനം നടത്തി മൃതദേഹം എത്രയും വേഗം ജന്മനാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്നാണ് കുടുംബത്തിന്റെ ഏക അഭ്യർത്ഥന.


