തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ വിജയ് സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു.
ജയിൽ സുരക്ഷയിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ ആരോപിച്ചു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനെതിരെ ബിജെപിയും രംഗത്തെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ 17 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കാൻ വിജയ് സർക്കാർ ഉത്തരവിട്ടു.
ജയിൽ സുരക്ഷയിലും ക്രമസമാധാനപാലനത്തിലും ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് സ്റ്റാലിന്റെ ആരോപണം.
ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽ നിന്ന് അടുത്തിടെ രണ്ട് തടവുകാർ രക്ഷപ്പെട്ട സംഭവവും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
എക്സിൽ പങ്കുവെച്ച കുറിപ്പിൽ ‘ബ്രേക്കിങ് ബാഡ്’, ‘പ്രിസൺ ബ്രേക്ക്’ എന്നീ ടെലിവിഷൻ പരമ്പരകളെ പരാമർശിച്ചുകൊണ്ടാണ് സ്റ്റാലിൻ സർക്കാരിനെ വിമർശിച്ചത്.
ജാമ്യത്തിൽ പുറത്തിറങ്ങുന്ന കുറ്റവാളികളെ നിരീക്ഷിക്കുന്നതിൽ മാത്രമാണ് സർക്കാർ പരാജയപ്പെടുന്നതെന്ന് കരുതിയിരുന്നുവെന്നും ഇപ്പോൾ ജയിലിനുള്ളിലുള്ള തടവുകാർ പോലും രക്ഷപ്പെടുന്ന സാഹചര്യമാണെന്നും സ്റ്റാലിൻ പരിഹസിച്ചു.
ടിവികെ സർക്കാർ കഴിവില്ലാത്തവരുടെ കൂട്ടമാണെന്നും ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങൾ സ്വയം സുരക്ഷ ഉറപ്പാക്കേണ്ട അവസ്ഥയിലേക്ക് തമിഴ്നാട് എത്തിയെന്നും സ്റ്റാലിൻ വിമർശിച്ചു.
1995ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം തടവുകാർ ഒരേസമയം രക്ഷപ്പെടുന്നതെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ സൗകര്യങ്ങളും മെച്ചപ്പെട്ട 2026ൽ ഇത്തരമൊരു സംഭവം ഉണ്ടായത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
തേനി ജില്ലാ ജയിലിൽ വിവിധ ശിക്ഷകൾ അനുഭവിച്ചുവരികയായിരുന്ന 17 തടവുകാരാണ് രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. രക്ഷപ്പെട്ടവരിൽ ഒരാളെ ജയിലിന് സമീപത്തുനിന്ന് പിടികൂടിയതായാണ് വിവരം.
അപസ്മാരം ബാധിച്ചതുപോലെ അഭിനയിച്ചാണ് തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഒരാൾക്ക് അപസ്മാരം ഉണ്ടായെന്ന് അറിയിച്ചതിനെത്തുടർന്ന് പരിശോധിക്കാനെത്തിയ ജയിൽ ജീവനക്കാരെ തടവുകാർ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
രക്ഷപ്പെട്ട തടവുകാരെ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലുടനീളമുള്ള തിരച്ചിലും തുടരുകയാണ്.
വാഹനപരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്. സംഭവത്തിൽ ജയിൽ സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.


