ലഹരിമരുന്നുമായി വ്ളോഗർ ഹൈദർ മധൂർ പിടിയിലായതായി റിപ്പോർട്ട്. 3.61 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളെ കാസർകോട് പൊലീസ് പിടികൂടിയത്. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും വിദ്യാനഗർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ മധൂറിലെ ജുമാ മസ്ജിദ് പരിസരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഹൈദർ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ പോക്കറ്റിൽനിന്ന് എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ആകെ അളവ് 3.61 ഗ്രാമാണ്.
സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ചതാണ് ലഹരിമരുന്നെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഹൈദർ മധൂർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
തുടർന്നാണ് ഡാൻസാഫ് സംഘവും വിദ്യാനഗർ പൊലീസും ചേർന്ന് പരിശോധന നടത്തിയത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.


