സംസ്ഥാനത്ത് അനിയന്ത്രിതമായ രീതിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന കെഎസ്ഇബിക്കെതിരെ റെഗുലേറ്ററി കമ്മിഷൻ രംഗത്ത്.
ജനങ്ങളെ മുൻകൂട്ടി അറിയിക്കാതെ വൈദ്യുതി മുടക്കുന്നത് അനുവദിക്കില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യം ജനങ്ങളെ കൃത്യമായി അറിയിക്കണം.
വൈദ്യുതി മുടങ്ങുന്ന സമയം, കാലാവധി എന്നിവ ഉപഭോക്താക്കളെ നേരത്തെ അറിയിക്കാൻ സംവിധാനങ്ങൾ ഒരുക്കണം. ഒരാഴ്ചക്കാലം ഒരു പ്രദേശത്ത് ഒരേസമയത്ത് നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കണമെന്നും നിർദേശമുണ്ട്.
കെഎസ്ഇബിക്ക് ഇതിനായി എസ്എംഎസ് സംവിധാനം ഉപയോഗിക്കാമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
അടുത്തദിവസം എത്ര വൈദ്യുതി കുറവുണ്ടാകുമെന്ന് തലേദിവസം വൈകുന്നേരം കെഎസ്ഇബിക്ക് അറിയാൻ കഴിയും. ഈ വിവരങ്ങൾ അതത് പ്രദേശത്തെ സെക്ഷൻ ഓഫീസുകൾ വഴി ജനങ്ങളിൽ എത്തിക്കണം.
ഏത് ഫീഡർ ഓഫ് ചെയ്യുമെന്ന് മുൻകൂട്ടി ജനങ്ങളെ അറിയിക്കാൻ സെക്ഷൻ ഓഫീസർമാർക്ക് ചുമതല നൽകണം.
തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി ലഭ്യമായാൽ നിയന്ത്രണത്തിന്റെ സമയദൈർഘ്യം കുറയ്ക്കാൻ നടപടിയെടുക്കണം. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കമ്മിഷൻ ശനിയാഴ്ച അനുമതി നൽകി. ഞായറാഴ്ച മുതൽ ഇത് ലഭ്യമാകുമെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വർഷത്തേക്ക് 140 കോടി യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് പദ്ധതിയുണ്ട്. ഇതിനായി 840 കോടി രൂപ ചെലവഴിക്കാൻ കമ്മിഷൻ അനുമതി നൽകിയേക്കും. മഴ ലഭിക്കുകയോ വൈദ്യുതി വിപണിയിൽ നിന്ന് ലഭ്യമാവുകയോ ചെയ്തില്ലെങ്കിൽ നിയന്ത്രണം തുടരേണ്ടി വരും.
ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ കെഎസ്ഇബി കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് കമ്മിഷന്റെ ആവശ്യം. വൈദ്യുതി ലഭ്യത കുറയുന്ന സാഹചര്യം കണക്കിലെടുത്ത് കൃത്യമായ ആസൂത്രണം വേണം. വിതരണ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കാനും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.


