Top News
ചാലക്കുടിയിൽ കിണറ്റിൽ വീണവരെ രക്ഷപ്പെടുത്തുന്ന ഫയർഫോഴ്സ് സംഘം.

കിണറ്റിൽ വീണ അമ്മയും കുഞ്ഞും; രക്ഷിക്കാന്‍ ചാടിയ അയല്‍വാസി; രക്ഷപ്പെടുത്തി അഗ്നിശമന സേന

തൃശൂർ ചാലക്കുടി മേലൂരിൽ കിണറ്റിൽ വീണ അമ്മയെയും മകളെയും രക്ഷിക്കാനിറങ്ങിയ അയൽവാസിയടക്കം മൂന്നുപേരെയും അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെടുത്തു.

മേലൂർ കുന്നിൽ പുതുശ്ശേരി വീട്ടിൽ സൈന സന്തോഷ്, ആറുവയസ്സുകാരി മകൾ അന്ന സന്തോഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

സംഭവം അറിഞ്ഞയുടൻ അയൽവാസിയായ ജോഷി രക്ഷാപ്രവർത്തനത്തിനായി കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ, മുകളിലേക്ക് കയറ്റാൻ കഴിയാത്ത സാഹചര്യത്തിൽ മൂവരും കയറിൽ പിടിച്ചുനിൽക്കുകയായിരുന്നു.

ഈ സമയം നാട്ടുകാരുടെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി.

ചാലക്കുടി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.കെ. രമേശ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സനൽ ജ്യോതി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. വളരെ സാഹസികമായാണ് ഉദ്യോഗസ്ഥർ മൂവരെയും കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്.

സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്. സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ വലിയ ആശ്വാസത്തോടെയാണ് രക്ഷാപ്രവർത്തനം നോക്കിക്കണ്ടത്. അമ്മയും മകളും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു