ദില്ലിയിലെ അഞ്ച് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി.
ഇ-മെയിൽ വഴിയാണ് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്കൂളുകൾ അടച്ചു.
പരീക്ഷകൾ നടക്കുന്നതിനിടെയാണ് സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഇതോടെ പരീക്ഷകൾ മാറ്റിവെക്കുകയും വിദ്യാർത്ഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പോലീസ്, ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായതോ അസാധാരണമായതോ ആയ ഒന്നും കണ്ടെത്താനായില്ല.
ഭീഷണി സന്ദേശങ്ങൾ അയച്ച ഇ-മെയിലുകളുടെ ഉറവിടം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ദില്ലിയിലെ സ്കൂളുകളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണി വ്യാജമാണോ, അതിന് പിന്നിൽ ആരാണെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.


