Top News

പ്രോസിക്യൂട്ടർ നിയമന വിവാദം: അഡ്വ.കെ.ബി.പ്രദീപിനെ രാജിവെപ്പിച്ച് മുഖ്യമന്ത്രി

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിലെ അഭിഭാഷകൻ അഡ്വ. കെ.ബി. പ്രദീപ് രാജിവെപ്പിച്ചു യുഡിഎഫ് സർക്കാർ.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള കമ്പനിയുടെ അഭിഭാഷകനെ തന്നെ പ്രോസിക്യൂട്ടറായി നിയമിച്ച നടപടി വൻ വിവാദമായതോടെ സർക്കാർ യൂടേൺ അടിച്ചു.

പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായ അഡ്വ.കെ.ബി.പ്രദീപിനെക്കൊണ്ട് സർക്കാർ അടിയന്തരമായി രാജിവെപ്പിച്ചു.

മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിട്ട് ഇടപെട്ടാണ് പ്രദീപിനോട് രാജി ആവശ്യപ്പെട്ടതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഏറ്റവും ശക്തമായി ഉന്നയിച്ചതും രാഷ്ട്രീയ ആയുധമാക്കിയതുമായ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു ശബരിമല സ്വർണക്കൊള്ള.

എന്നാൽ അധികാരത്തിലേറിയ ശേഷം, ഇതേ കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ വ്യക്തിയെ തന്നെ ഉന്നത തസ്തികയിൽ നിയമിച്ചത് സർക്കാരിനെയും മുന്നണിയെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു.

നിയമനവിഷയം ന്യായീകരിക്കാൻ കോൺഗ്രസ് നേതൃത്വവും യു.ഡി.എഫ് വക്താക്കളും ഏറെ പ്രയാസപ്പെടുന്നതിനിടയിലാണ് തിരുത്തൽ നടപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

മുൻ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ നിയമനത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു.

ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പങ്കെടുക്കാത്ത മന്ത്രിസഭാ യോഗത്തിലാണ് ഈ വിവാദ നിയമനം സർക്കാർ തീരുമാനിച്ചതെന്നതും ശ്രദ്ധേയമാണ്.

നിയമനത്തിൽ മന്ത്രി കെ. മുരളീധരൻ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയാണ് ഈ അഭിഭാഷകന്റെ പേര് സർക്കാരിന് കൈമാറിയതെന്നാണ് വിവരം.

ക്ഷേത്ര, ദേവസ്വം കാര്യങ്ങളിൽ അഡ്വ. പ്രദീപ് വിദഗ്ധനാണെങ്കിലും, ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണോ ഇദ്ദേഹത്തെ നിയമിച്ചത് എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയിരുന്നില്ല.

ഇതിനുപുറമെ, കെ.ബി.പ്രദീപ് ബിജെപി അനുഭാവിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ കോണുകളിലും ശക്തമായി ഉയർന്നത് സർക്കാരിന് ഇരട്ടി പ്രഹരമായി.

ഒരു വശത്ത് സ്വന്തം തിരഞ്ഞെടുപ്പ് അജണ്ടകളിലെ വൈരുദ്ധ്യവും, മറുവശത്ത് പ്രതിപക്ഷത്തിന്റെ ശക്തമായ കടന്നാക്രമണവും നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് അടിയന്തരമായി അഡ്വ. കെ.ബി. പ്രദീപിനെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ സർക്കാർ നിർബന്ധിതമായത്.

രാഷ്ട്രീയ ധാർമ്മികത ചോദ്യം ചെയ്യപ്പെട്ട ഈ നിയമനവിവാദം, വരും ദിവസങ്ങളിലും കേരള രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കും എന്ന് ഉറപ്പാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു