Top News
government moves to stop 108 strike

108 ആംബുലൻസ് ജീവനക്കാരുടെ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അടിയന്തര ഇടപെടലുമായി സർക്കാർ. സമരം തടയാൻ ESMA പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.

അടിയന്തര ആരോഗ്യ സേവനം തടസ്സപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

ഈ മാസം 17 മുതൽ സമരം നടത്തുമെന്നാണ് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബോണസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര പ്രഖ്യാപനം.

108 ആംബുലൻസ് ജീവനക്കാരുടെ സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്… അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിൽ 108 ആംബുലൻസ് സർവീസിന് നിർണായക പങ്കാണുള്ളത്.

അതിനാൽ സർവീസ് മുടങ്ങുന്നത് ഗുരുതരാവസ്ഥയിലുള്ള രോഗികളെയടക്കം നേരിട്ട് ബാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്…

യൂണിയൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ എന്തുതന്നെയായാലും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള സമര മാർഗങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ആംബുലൻസ് സർവീസ് തടസ്സപ്പെടുത്തുകയോ വാഹനങ്ങൾ നിരത്തിലിറക്കാതിരിക്കുകയോ ചെയ്താൽ ESMA പ്രകാരം നടപടിയെടുക്കാനാണ് സർക്കാർ നീക്കം.

ബോണസ് ആവശ്യപ്പെട്ടുള്ള സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ESMA പ്രയോഗിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നതോടെ വിഷയം കൂടുതൽ ഗൗരവമായിരിക്കുകയാണ്.

ജീവൻ രക്ഷിക്കേണ്ട അടിയന്തര സേവനം മുടങ്ങാതിരിക്കണമെന്ന സർക്കാരിന്റെ നിലപാടും, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന ജീവനക്കാരുടെ നിലപാടും തമ്മിലുള്ള പോരാട്ടമായി 108 ആംബുലൻസ് സമരം മാറുന്ന സാഹചര്യമാണ് ഇപ്പോൾ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു