സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും തട്ടിയെടുത്തെന്ന പരാതിയിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ.
തൃശൂർ അരനാട്ടുകര ഒളരിക്കര സ്വദേശി വി.ബി. സതീഷ് (47) എന്ന സതീഷ് ഒളരിയെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെ പലതവണയായി 1.25 ലക്ഷം രൂപ യുപിഐ വഴി വാങ്ങിയെന്നാണ് പരാതി.
കൂടാതെ 20,300 രൂപ വിലവരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിമാനടിക്കറ്റിനായി 20,400 രൂപയും തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.
പണം തിരികെ ആവശ്യപ്പെട്ടതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ യുവതിയുടെ ബന്ധുക്കൾക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിലും അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
സ്വകാര്യതയെ ബാധിക്കുന്ന രീതിയിൽ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.
പ്രതിയുടെ സഹോദരിയും കേസിൽ രണ്ടാം പ്രതിയാണ്. ശബ്ദസന്ദേശത്തിലൂടെ സഹോദരി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ടെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായ സതീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.


