യൂറോപ്യൻ രാജ്യങ്ങളിൽ ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ച നിരവധി ആളുകൾക്ക് സാൽമൊണെല്ല ബാക്ടീരിയ ബാധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
നിലവിൽ പതിമൂന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും യുകെയിലുമായി 106 പേർ ചികിത്സയിലാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ ഈ ആശങ്കാജനകമായ വിവരം ഔദ്യോഗികമായി പുറത്തുവിട്ടു. കഴിഞ്ഞ നവംബർ മുതൽ ഈ ജൂൺ വരെയുള്ള കാലയളവിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്.
രോഗം ബാധിച്ചവരിൽ 49 പേർക്ക് വിദഗ്ധ ആശുപത്രി പരിചരണം ആവശ്യമായി വന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രോഗബാധിതരായ ആളുകളിൽ ഭൂരിഭാഗവും കുട്ടികളും യുവാക്കളുമാണെന്നത് ആരോഗ്യ മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ‘സാൽമൊണെല്ല സ്റ്റാൻലി’ എന്ന അപകടകരമായ വകഭേദമാണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
ഓസ്ട്രിയ, ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക്, സ്വീഡൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധ പ്രധാനമായും കണ്ടെത്തിയത്.
വിദഗ്ധർ നടത്തിയ പരിശോധനയിൽ യുക്രെയ്നിൽ നിന്ന് ഇറക്കുമതി ചെയ്ത ഇൻസ്റ്റന്റ് നൂഡിൽസാണ് രോഗവ്യാപനത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരു പോളിഷ് മൊത്തക്കച്ചവടക്കാരൻ വഴിയാണ് ഈ നൂഡിൽസ് പാക്കറ്റുകൾ വിവിധ രാജ്യങ്ങളിലെ വിപണിയിൽ എത്തിയത്. ജർമ്മനിയിലെയും ലിത്വാനിയയിലെയും കടകളിൽ നിന്ന് ശേഖരിച്ച നൂഡിൽസ് സാമ്പിളുകളിൽ ബാക്ടീരിയയുടെ സാന്നിധ്യം ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചു.
ആരോപണവിധേയമായ ബാച്ചിലെ നൂഡിൽസ് ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാൻ ഭക്ഷ്യസുരക്ഷാ ഏജൻസികൾ നടപടി സ്വീകരിച്ചു.
നിലവിൽ ഈ രോഗബാധയെത്തുടർന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമായ കാര്യമാണ്. വയറിളക്കം, കടുത്ത വയറുവേദന, പനി, ഛർദ്ദി എന്നിവയാണ് സാൽമൊണെല്ല അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ.
മനുഷ്യന്റെ ദഹനവ്യവസ്ഥയെയാണ് ഈ ബാക്ടീരിയ പ്രധാനമായും ദോഷകരമായി ബാധിക്കുന്നത്. ഇത് ശരീരത്തിൽ പ്രവേശിച്ച് മാരകമായ ടൈഫോയ്ഡ് പനിക്ക് കാരണമാകുന്നു.
രക്തത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ ശരീരമാസകലം വ്യാപിക്കുകയും അവയവങ്ങളുടെ പ്രവർത്തനത്തെ തകിടം മറിക്കുകയും ചെയ്യും. ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന എൻഡോടോക്സിനുകൾ മനുഷ്യ ജീവന് വരെ വലിയ ഭീഷണിയാണ്. ആന്റിബയോട്ടിക് മരുന്നുകളാണ് ഇതിന് പ്രധാന ചികിത്സയായി നൽകുന്നത്.
അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ ചോക്കലേറ്റ് നിർമ്മാണ ഫാക്ടറിയിലും സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ബെൽജിയത്തിലെ ബാരി കാലിബോട്ട് കമ്പനിയുടെ ഫാക്ടറിയിലാണ് അന്ന് ബാക്ടീരിയ കണ്ടെത്തിയത്. ആഹാരപദാർത്ഥങ്ങൾ കൃത്യമായി പാകം ചെയ്ത് കഴിക്കുക മാത്രമാണ് ഇതിനുള്ള പ്രധാന പ്രതിരോധ മാർഗ്ഗം.


