ഡൽഹിയിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്ത ലൈംഗികാതിക്രമ സംഭവങ്ങളിൽ സുപ്രീംകോടതി സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ചു.
ഡൽഹി സർക്കാരിന്റെയും പൊലീസിന്റെയും വീഴ്ചകളെ രൂക്ഷമായി വിമർശിച്ച കോടതി, ഐക്യദാർഢ്യ പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം സാമൂഹിക തിന്മകൾ അവസാനിപ്പിക്കാനാകില്ലെന്നും ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും വ്യക്തമാക്കി.
ലേഡി ശ്രീറാം കോളേജിന് സമീപമുള്ള ആസ്ഥാ കുഞ്ച് പാർക്കിൽ 17കാരി പീഡനത്തിനിരയായ സംഭവം, സ്വരൂപ് നഗറിലെ കൂട്ടബലാത്സംഗം, ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത കുട്ടി ആക്രമിക്കപ്പെട്ട സംഭവം എന്നിവ പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.
2012ലെ നിർഭയ കേസിന് സമാനമായ കുറ്റകൃത്യങ്ങളാണ് സമീപകാലത്ത് ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
ഭയമില്ലാതെയും അന്തസ്സോടെയും ജീവിക്കാനുള്ള സാഹചര്യം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.
തെരുവ് വിളക്കുകളുടെ കുറവ്, നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം, പൊലീസിന്റെ പട്രോളിങ്ങിലെ വീഴ്ച എന്നിവ ഭരണപരമായ വീഴ്ചകളാണെന്നും ഇത്തരം സാഹചര്യങ്ങൾ അതിക്രമങ്ങൾക്ക് വഴിയൊരുക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
ആസ്ഥാ കുഞ്ച് പാർക്കിൽ നേരത്തെയും ലൈംഗികാതിക്രമ ശ്രമങ്ങൾ നടന്നതായി വിദ്യാർഥികൾ പരാതി നൽകിയിട്ടും പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ സുരക്ഷാ നിരീക്ഷണം ശക്തമാക്കുകയോ ചെയ്തില്ലെന്ന റിപ്പോർട്ടിലും കോടതി ആശങ്ക രേഖപ്പെടുത്തി.
കുറ്റകൃത്യങ്ങൾ തടയുന്നതിനും ക്രമസമാധാനം സംരക്ഷിക്കുന്നതിനും ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് കൃത്യമായ ഉത്തരവാദിത്തം നിശ്ചയിക്കുന്ന നടപടികൾ ആവശ്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് സ്വമേധയാ ഹർജിയായി ഫയലിൽ സ്വീകരിച്ചത്.


