എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിന്റെ നിയമനിലപാടിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി.
കേസിൽ പ്രോസിക്യൂഷൻ അനുമതി വേണമോ എന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ജസ്റ്റിസ് ബദറുദ്ദീന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ രൂക്ഷ വിമർശനം.
പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്നായിരുന്നു പിന്നോക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിലപാട്.
എന്നാൽ പ്രോസിക്യൂഷന് അനുമതി ആവശ്യമാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇരു നിലപാടുകളിലെയും വൈരുധ്യം ചൂണ്ടിക്കാട്ടിയ കോടതി, സർക്കാരിന് ആരാണ് നിയമോപദേശം നൽകുന്നതെന്ന് ചോദിച്ചു. വിജിലൻസ് അഭിഭാഷകന്റെ നിലപാടിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പദവിയിൽ തുടരാൻ അദ്ദേഹം യോഗ്യനാണോ എന്നുവരെ കോടതി ചോദ്യം ചെയ്തു.
തുടർന്ന് വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. പിന്നീട് ഹാജരായ സ്റ്റേറ്റ് അറ്റോർണി, വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതോടെ പ്രോസിക്യൂഷന് അനുമതി വേണമോ എന്ന കാര്യത്തിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി കോടതി മാറ്റിവെച്ചു.
മൈക്രോ ഫിനാൻസ് കേസിലെ അന്വേഷണം വൈകുന്നതിലും നേരത്തെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു.
ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചായിരുന്നു അന്ന് അന്വേഷണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടിയത്.
കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.
2016ലാണ് വി.എസ്. അച്യുതാനന്ദന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം ആരംഭിച്ചത്.
സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ ഉണ്ടാക്കി പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്‌എൻഡിപി കോടികൾ വായ്പയെടുത്തുവെന്നാണ് ആരോപണം.
സാമ്പത്തിക തിരിമറിയും ഗൂഢാലോചനയും നടത്തി 15 കോടി രൂപ തട്ടിച്ചെന്നാണ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചിരുന്നത്.
ഇപ്പോൾ, കേസിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമായിരുന്നോ എന്ന നിയമപ്രശ്നത്തിലാണ് ഹൈക്കോടതി വിശദമായ വാദം കേൾക്കാൻ ഒരുങ്ങുന്നത്.


