Top News
ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തുന്ന ബിങ്സൺ ജോർജിന്റെ ചിത്രം.

300-ലേറെ ആഡംബര ഹോട്ടലുകളെ പറ്റിച്ച ‘അസാധാരണ കള്ളൻ’: ബിങ്സൺ ജോർജ് ഒടുവിൽ പിടിയിൽ!

ന്യൂഡൽഹി: ആഡംബര ഹോട്ടലുകളിൽ രാജാവിനെപ്പോലെ താമസിക്കും. ദിവസങ്ങൾക്ക് ശേഷം ഒരു പൈസ പോലും നൽകാതെ മുങ്ങും. റായ്പൂരിലെ ഹയാത്ത് ഹോട്ടലിൽ നിന്ന് സമാനമായ രീതിയിൽ മുങ്ങിയ പ്രതിയെ 72 മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് പിടിയിലായ തമിഴ്‌നാട് സ്വദേശി ബിങ്സൺ ജോർജ് (69) സാധാരണക്കാരനല്ല.

ഇന്ത്യയിലുടനീളമുള്ള 300-ലേറെ ആഡംബര ഹോട്ടലുകളെ ഇയാൾ ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. വിദേശ ടൂർ ഗൈഡ്, അധ്യാപകൻ, യോഗ ട്രെയിനർ തുടങ്ങി പല വേഷങ്ങൾ കെട്ടിയാണ് ഇയാൾ ഹോട്ടലുകളിൽ എത്തുന്നത്.

ഹോട്ടൽ ജീവനക്കാരോട് മാന്യമായി പെരുമാറുന്നതിനാൽ ആരും സംശയിക്കാറില്ല. അഡ്വാൻസ് പോലും വാങ്ങാതെയാണ് പലരും ഇയാൾക്ക് മുറി നൽകുന്നത്.

റായ്പൂരിലെ ഹയാത്ത് ഹോട്ടലിൽ രണ്ട് ദിവസം താമസിച്ച ഇയാൾ 63,755 രൂപയുടെ ബില്ല് അടച്ചില്ല. കൂടാതെ, 1.48 ലക്ഷം രൂപയുടെ ലാപ്ടോപ്പും മോഷ്ടിച്ചു. 1990 മുതൽ ഇയാൾ ഇതേ രീതി തുടരുന്നുണ്ട്.

2022-ൽ തിരുവനന്തപുരത്തെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച് മുങ്ങിയതിന് കൊല്ലത്ത് വച്ചും ഇയാൾ പിടിയിലായിട്ടുണ്ട്.

മുൻപ് ഒരു ഹോട്ടലിൽ ജീവനക്കാരൻ മോശമായി പെരുമാറിയതിലുള്ള പകയാണ് തട്ടിപ്പിന് തുടക്കമിട്ടതെന്ന് ബിങ്സൺ പോലീസിനോട് പറഞ്ഞു. 1996-ലാണ് ആദ്യമായി ഇയാൾ അറസ്റ്റിലായത്.

കേരളം, തമിഴ്നാട്, ഗോവ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിലായി 15 വർഷം തടവ് അനുഭവിച്ചിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിന്റെ രീതികളാണ് തന്നെ സ്വാധീനിച്ചതെന്നും ഇയാൾ സമ്മതിച്ചു.

റായ്പൂർ പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു