അയൽരാജ്യമായ പാക്കിസ്ഥാനിൽ ഉൽപ്പാദിപ്പിക്കുന്ന അപകടകരമായ സൗന്ദര്യവർധക ക്രീമുകൾ വിൽക്കുന്നതിനെതിരെ കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ കടുത്ത മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
മനുഷ്യശരീരത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ക്രീമുകളാണ് വിപണിയിൽ വിറ്റഴിക്കുന്നത്. ഗോരീ ബ്യൂട്ടി ക്രീം, ചാന്ദിനി വൈറ്റ്നിങ് ക്രീം എന്നിവയാണ് പ്രസ്തുത ബ്രാൻഡുകൾ.
ലാഹോർ ആസ്ഥാനമായ ഗോരീ കോസ്മെറ്റിക്സ്, എസ്.ജെ എന്റർപ്രൈസസ് എന്നീ കമ്പനികളാണ് ഇവ നിർമിക്കുന്നത്. പരിശോധനകളിൽ ഇവയിൽ വിഷാംശമുള്ള മെർക്കുറിയും ലെഡും കണ്ടെത്തിയിട്ടുണ്ട്.
പാക് നിർമിത ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പൂർണമായി നിരോധിച്ചിരുന്നു.
എന്നാൽ വിലക്ക് ലംഘിച്ച് ‘മേഡ് ഇൻ ഇന്ത്യ’ ലേബലിൽ ഇവ വിപണിയിൽ സുലഭമായി എത്തുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും പ്രാദേശിക കടകൾ വഴിയുമാണ് വിതരണം നടക്കുന്നത്.
ഇത്തരം വ്യാജ വിൽപ്പനാ രീതികൾ ഗുരുതരമായ ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. ഇന്ത്യയിൽ വിൽക്കാൻ ഈ ക്രീമുകൾക്ക് യാതൊരുവിധ സർട്ടിഫിക്കേഷനും ലഭിച്ചിട്ടില്ല.
പാക്കിസ്ഥാനിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ആദ്യം യു.എ.ഇ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു. അവിടെ വച്ച് റീലേബലിംഗ് നടത്തിയ ശേഷമാണ് ഇന്ത്യയിലേക്ക് കടത്തുന്നത്.
ഉൽപ്പന്നത്തിന്റെ യഥാർത്ഥ നിർമാണ രാജ്യം മറച്ചുവെക്കാൻ ഇത്തരം വഴികളാണ് വിതരണക്കാർ പ്രധാനമായും സ്വീകരിക്കുന്നത്. മുൻപും സമാന രീതിയിൽ കടത്തിയ വസ്തുക്കൾ കസ്റ്റംസ് പിടികൂടിയിരുന്നു.
അനധികൃതമായി വിൽക്കുന്നവർക്കും പരസ്യം നൽകുന്നവർക്കും വാങ്ങുന്നവർക്കും എതിരെ കടുത്ത നടപടിയുണ്ടാകും. എല്ലാ സംസ്ഥാന ഏജൻസികളോടും പരിശോധന കർശനമാക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
വിദേശ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ രജിസ്ട്രേഷൻ നമ്പറും നിർമാതാവിന്റെ വിവരങ്ങളും ഉപഭോക്താക്കൾ കൃത്യമായി പരിശോധിക്കണം. ബാച്ച് നമ്പറും കാലാവധിയും പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.


