ന്യൂഡൽഹി: പതിവായി ദേശീയപാത ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ടോൾ ഇളവുകൾ കെഎസ്ആർടിസിക്കും ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
കൊല്ലം എംപിയായ എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ദേശീയപാത ഫീസ് ചട്ടങ്ങൾ പ്രകാരം ഇത്തരം ആനുകൂല്യങ്ങൾ കെഎസ്ആർടിസിക്ക് പ്രയോജനപ്പെടുത്താം. പതിവായി യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് പ്രതിമാസം ഒറ്റ യാത്രയ്ക്കായി സാധാരണ ഫീസിന്റെ മൂന്നിൽ രണ്ട് മാത്രം അടച്ചാൽ മതിയാകും.
ഇതിനുപുറമേ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മടങ്ങുന്ന യാത്രയ്ക്ക് ഒറ്റ യാത്രാ ഫീസിന്റെ ഒന്നര മടങ്ങ് നൽകിയാൽ ധാരാളമാണ്.
ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന ജില്ലയിൽ റജിസ്റ്റർ ചെയ്ത വാണിജ്യ വാഹനങ്ങൾക്കും പ്രത്യേക ഇളവുകൾ ലഭ്യമാണ്. സർവീസ് റോഡോ ബദൽ റോഡോ ഇല്ലെങ്കിൽ നിശ്ചിത ടോളിന്റെ പകുതി നൽകി ഈ വാഹനങ്ങൾക്ക് യാത്ര ചെയ്യാം.
കെഎസ്ആർടിസിയെ ടോൾ ഇളവുകളിൽ നിന്ന് ഒഴിവാക്കാനുള്ള ഒരു നിർദേശവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി വ്യക്തമാക്കി.
എന്നാൽ ഭൂമി ഏറ്റെടുക്കലിന് കേരളം പണം നൽകിയ പശ്ചാത്തലത്തിൽ ടോൾ പിരിക്കുന്ന തുകയുടെ വിഹിതം നൽകാൻ കഴിയില്ല. സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ടോൾ വരുമാനം ഇന്ത്യയുടെ സംയോജിത നിധിയിലാണ് നിക്ഷേപിക്കുന്നത്.
ബജറ്റ് വിഹിതത്തിലൂടെ ലഭിക്കുന്ന ഈ തുക ദേശീയപാതകളുടെ പരിപാലനത്തിനും വികസനത്തിനുമാണ് വിനിയോഗിക്കുന്നത്.
ഭൂമി ഏറ്റെടുക്കലിന്റെ ചെലവ് കേരളത്തിൽ വളരെ കൂടുതലാണെങ്കിലും ദേശീയപാത വികസനത്തിന് കേന്ദ്രം വലിയ മുൻഗണന നൽകുന്നുണ്ട്.
എൻഎച്ച് 66 വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ ചെലവ് 23,350 കോടി രൂപയാണ്. ഇതിന്റെ നിർമാണച്ചെലവ് 28,370 കോടി രൂപയായി കണക്കാക്കിയിരിക്കുന്നു.
ആകെ തുകയിൽ കേരള സർക്കാരിന്റെ വിഹിതം 5800 കോടി രൂപയാണ്.
ഈ ദേശീയപാത വികസനം വഴി പ്രദേശവാസികൾക്ക് സാമൂഹികവും സാമ്പത്തികവുമായ വലിയ ഗുണങ്ങൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


