തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിൽ ഗുരുതരമായ വീഴ്ച.
ഉദ്യോഗാർഥികൾ എഴുതിയ നിരവധി ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ഉപേക്ഷിച്ചതായി കണ്ടെത്തി. പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ ഉത്തരക്കടലാസിന്റെ പകർപ്പുകൾ വാങ്ങിയപ്പോഴാണ് ക്രമക്കേട് ബോധ്യപ്പെട്ടത്.
ആലപ്പുഴ സ്വദേശിയായ ഒരു ഉദ്യോഗാർഥിയുടെ ഉത്തരക്കടലാസിൽ ഒൻപത് മുതൽ 18 വരെയുള്ള ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ല. ഈ ചോദ്യങ്ങൾക്ക് മാത്രം 58 മാർക്കായിരുന്നു നിശ്ചയിച്ചിരുന്നത്.
ആകെ 100 മാർക്കിന്റെ പരീക്ഷയിൽ വലിയൊരു ശതമാനം ഇതോടെ നഷ്ടമായി.
2022-ൽ വിജ്ഞാപനം വന്ന ഈ തസ്തികയിലേക്ക് 2023 ജൂലൈയിലാണ് പരീക്ഷ നടന്നത്. ലക്ഷങ്ങൾ ശമ്പളമുള്ള ഉയർന്ന തസ്തികയാണിത്. 2025 ഫെബ്രുവരിയിൽ പട്ടിക പ്രസിദ്ധീകരിക്കുകയും തുടർന്ന് നിയമനം നൽകുകയും ചെയ്തു.
എന്നാൽ തങ്ങളുടെ ഉത്തരങ്ങൾ പരിശോധിച്ചില്ലെന്ന് കാട്ടി ഉദ്യോഗാർഥികൾ നൽകിയ അപേക്ഷയിൽ പി.എസ്.സി. ഒരു വർഷത്തിന് ശേഷമാണ് മറുപടി നൽകിയത്.
ശരിയായ രീതിയിൽ മൂല്യനിർണയം നടത്തി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഇതിനെതിരെ ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകിയിട്ടുണ്ട്.
പി.എസ്.സി.യുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം. റാങ്ക് പട്ടികയിലെ നിയമന നടപടികൾ ഇതോടെ കൂടുതൽ സങ്കീർണ്ണമാകുകയാണ്.


