കൊച്ചി : വിമാനത്താവളത്തിൽ ഇറക്കിയ ചെക്ക്-ഇൻ ബാഗേജിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറൻസി മോഷണം പോയതായി പരാതി. ആകാശ എയർലൈൻസ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രികനാണ് ഈ ദുരനുഭവം ഉണ്ടായത്.
റിയാദിൽ നിന്നെത്തിയ ആലുവ സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്. ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ രൂപ മൂല്യം വരുന്ന വിദേശ കറൻസികളാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്.
ഷഫീഖിന് ആകെ മൂന്ന് ചെക്ക്-ഇൻ ബാഗുകളാണ് ഉണ്ടായിരുന്നത്.
എണ്ണായിരം സൗദി റിയാൽ അടങ്ങിയ ബാഗ് കൈമാറിയ ശേഷമാണ് പണത്തിന്റെ കാര്യം യാത്രക്കാരൻ ഓർക്കുന്നത്. ഉടൻ തന്നെ അദ്ദേഹം റിയാദ് എയർപോർട്ട് മാനേജരെ വിവരം അറിയിച്ചിരുന്നു.
എന്നാൽ ബാഗ് സുരക്ഷിതമായി കൊച്ചിയിൽ എത്തുമെന്ന് അധികൃതർ ഉറപ്പുനൽകി.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ ബാഗുകൾ ലഭിക്കാൻ വലിയ താമസം നേരിട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിന്റെ നമ്പർ ലോക്ക് മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടത്.
ബാഗിന്റെ ഉള്ളിലെ സിബ്ബുകൾ എല്ലാം പൂർണ്ണമായി തുറന്ന നിലയിലായിരുന്നു.
ബാഗിലുണ്ടായിരുന്ന ചോക്ലേറ്റുകളും കുട്ടികളുടെ കളിക്കോപ്പുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. വിമാനത്താവളത്തിൽ വെച്ച് ഇന്ത്യൻ രൂപയിലേക്ക് മാറ്റാൻ കരുതിവെച്ചിരുന്ന കറൻസിയാണ് കവർച്ച ചെയ്യപ്പെട്ടത്.
റിയാദ് ഇന്ത്യൻ എംബസി സ്കൂളിലെ കായികാധ്യാപകനാണ് പരാതിക്കാരനായ ഷഫീഖ് ഇസ്മായിൽ.
ഇതേ വിമാനത്തിൽ ജിദ്ദയിൽ നിന്നും കയറിയ ഒരു നഴ്സിന്റെ ബാഗും സമാന രീതിയിൽ തുറക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അവരുടെ ബാഗിൽ വിലപിടിപ്പുള്ള വസ്തുക്കൾ ഇല്ലാതിരുന്നതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഷഫീഖ് പറഞ്ഞു.
സംഭവത്തിൽ വിമാനത്താവള അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


