ചെന്നൈ: നടൻ വിജയ് നയിക്കുന്ന തമിഴക വെറ്റി കഴകം (ടിവികെ) സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടന്നുവെന്ന ഗുരുതര ആരോപണം തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തിയതായി അവകാശപ്പെട്ടു. ടിവികെയിലെ പതിനഞ്ച് എംഎൽഎമാരുടെ രാജി ഉറപ്പാക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഒരാളെ ചെന്നൈയിൽ നിന്നും മറ്റ് രണ്ടുപേരെ കരൂരിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
ഉത്തംഗരൈ മണ്ഡലത്തിലെ ടിവികെ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഐപിഡിഎസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ ഒരാൾ നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകരനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ 35 കോടി രൂപ വാഗ്ദാനം ചെയ്തതായി എംഎൽഎ ആരോപിച്ചു.
ഈ വാഗ്ദാനത്തെക്കുറിച്ച് പുറത്തുപറയരുതെന്നും തനിക്കെതിരെ ഭീഷണി ഉയർത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അന്വേഷണത്തിനിടെ അറസ്റ്റിലായ ഒരാൾക്ക് വി. സെന്തിൽ ബാലാജിയുമായും അദ്ദേഹത്തിന്റെ സഹോദരൻ അശോകുമായും അടുത്ത ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ സെന്തിൽ ബാലാജിയുടെയോ ഡിഎംകെയുടെയോ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
സംഭവത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തിലും അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടില്ല.


