ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി എട്ടിനാണ് ദാരുണമായ അപകടം ഉണ്ടായത്. കൊച്ചുവേളി–മൈസൂരു ട്രെയിനിൽ വന്നിറങ്ങിയ വിദ്യാർഥിനിയാണ് അപകടത്തിൽ പെട്ടത്.
കടക്കരപ്പള്ളി തറേപറമ്പിൽ രാധാകൃഷ്ണന്റെയും നിഷയുടെയും മകൾ കാർത്തികയാണ് പരിക്കേറ്റത്. തിരുവനന്തപുരത്ത് എൽഎൽബി വിദ്യാർഥിനിയാണ് ഇരുപതുകാരിയായ കാർത്തിക.
ട്രെയിൻ പൂർണ്ണമായി നിർത്തുന്നതിനു മുൻപ് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് കാൽതെറ്റി ട്രെയിനിന്റെയും പ്ലാറ്റ്‌ഫോമിന്റെയും ഇടയിലേക്ക് വീഴുകയായിരുന്നു.
ട്രെയിനിന്റെ ചക്രങ്ങൾ കയറിയാണ് കാർത്തികയുടെ വലതുകാൽപാദം പൂർണ്ണമായും അറ്റത്.
കാലിനും കൈക്കും ഗുരുതരമായ പരിക്കുകളാണ് വിദ്യാർഥിനിക്ക് ഉണ്ടായിട്ടുള്ളത്. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും പൊലീസും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കാർത്തികയെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോകാൻ അമ്മയും ഇരട്ട സഹോദരിയും എത്തിയിരുന്നു. അവരുടെ കൺമുന്നിലാണ് ഈ വലിയ ദുരന്തം നടന്നത്. അറ്റുപോയ കാൽപാദം പൊലീസ് കൃത്യസമയത്ത് തന്നെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. കാൽപാദം തുന്നിച്ചേർക്കാൻ കഴിയുമോയെന്ന് ഡോക്ടർമാർ പരിശോധിച്ചു വരുന്നു.


